ടെഹ്‌റാൻ: ഇറാനിൽ സർക്കാരിനെതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭം മൂന്നാം ദിവസവും ശക്തമായി തുടരുന്നു (Iranian Students Anti-Government Protest). അമേരിക്കൻ ഉപരോധവും ആഭ്യന്തര പ്രശ്നങ്ങളും മൂലം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് പുതിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. പ്രമുഖ സർവ്വകലാശാലകളിലെല്ലാം വിദ്യാർത്ഥികൾ ആക്രോശങ്ങളുമായി തെരുവിലിറങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ടെഹ്‌റാൻ സർവ്വകലാശാല, അമീർ കബീർ സർവ്വകലാശാല, വനിതാ സർവ്വകലാശാലയായ അൽ-സഹ്‌റ എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രക്ഷോഭങ്ങൾ നടക്കുന്നത്. അൽ-സഹ്‌റ സർവ്വകലാശാലയിൽ വിദ്യാർത്ഥിനികൾ പതാകകൾ കത്തിക്കുകയും “ഞങ്ങൾ ഇറാനെ തിരിച്ചുപിടിക്കും” എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തു. കഴിഞ്ഞ ജനുവരിയിൽ നടന്ന രാജ്യവ്യാപകമായ പ്രതിഷേധങ്ങളെ സർക്കാർ അടിച്ചമർത്തിയതിന് പിന്നാലെയാണ് ഇപ്പോൾ വിദ്യാർത്ഥികൾ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ 36 വർഷത്തെ ഭരണത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ രാജ്യം നേരിടുന്നത്.
അതേസമയം, ഇറാന്റെ ആണവ-മിസൈൽ പദ്ധതികൾക്കെതിരെ കർശന നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ കടുത്ത സൈനിക നടപടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി രണ്ടാമത്തെ യുഎസ് വിമാനവാഹിനിക്കപ്പലും പശ്ചിമേഷ്യയിലേക്ക് തിരിച്ചിട്ടുണ്ട്. സംഘർഷം മൂർച്ഛിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ബെയ്റൂട്ടിലെ തങ്ങളുടെ എംബസിയിൽ നിന്ന് അത്യാവശ്യമല്ലാത്ത ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഒഴിപ്പിക്കാൻ അമേരിക്ക തീരുമാനിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഇതോടെ യുദ്ധഭീതിയും നിഴലിക്കുന്നുണ്ട്.
Summary: Iranian students continued anti-government protests for a third day in Tehran, defying security forces despite threats of a potential U.S. military strike.

