കൊച്ചി: ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്‌കാരം ഏറ്റുവാങ്ങി മടങ്ങവെയാണ് നടി ഉർവശിക്ക് നേരെ വിചിത്രമായ ഒരു ചോദ്യം ഉയർന്നത് (Urvashi Filmfare Award). പുരസ്‌കാരം നൽകിയവരിൽ ഒരാളായ നടി ഗൗരി നന്ദയ്ക്ക് ഉർവശിയെപ്പോലൊരു മുതിർന്ന താരത്തിന് അവാർഡ് നൽകാൻ യോഗ്യതയുണ്ടോ എന്നായിരുന്നു യൂട്യൂബറുടെ ചോദ്യം. എന്നാൽ ചോദ്യത്തിലെ നെഗറ്റീവിറ്റി തിരിച്ചറിഞ്ഞ ഉർവശി നൽകിയ മറുപടി എല്ലാവരെയും അമ്പരപ്പിച്ചു.
യൂട്യൂബറുടെ വാദത്തെ തള്ളിക്കളഞ്ഞുകൊണ്ട് ഉർവശി പറഞ്ഞത് ഇങ്ങനെ…
“അങ്ങനെയല്ലല്ലോ കാര്യം. അവർ തരുന്നത് സന്തോഷത്തോടെയല്ലേ. കിട്ടുന്ന പുരസ്‌കാരത്തിന് ഒരു മൂല്യമുണ്ട്. തരുന്നവർ എത്ര ഹൃദയപൂർവ്വമായിട്ടാണ് തരുന്നത് എന്നയിടത്താണ് കാര്യം. ക്യാമറയ്ക്ക് മുന്നിൽ വന്നാൽ ഏത് ആർട്ടിസ്റ്റാണ് വലുതും ചെറുതും? എല്ലാവരും നന്നായി പെർഫോം ചെയ്താൽ ശ്രദ്ധിക്കപ്പെടും. ആ കുട്ടിയും (ഗൗരി നന്ദ) നല്ല ആർട്ടിസ്റ്റ് തന്നെയല്ലേ.”
അതേസമയം , വിവാദമുണ്ടാക്കാൻ ശ്രമിച്ച യൂട്യൂബർക്കെതിരെ ആരാധകർക്കിടയിൽ കടുത്ത വിമർശനമാണ് ഉയർന്നത്. ഉർവശിയുടെ ഡിപ്ലോമസിക്കും വ്യക്തിത്വത്തിനും നൂറിൽ നൂറ് മാർക്ക് നൽകുന്നതായും ആരാധകർ കുറിച്ചു. സംഭവം ചർച്ചയായതോടെ പ്രതികരണവുമായി ഗൗരി നന്ദയും രംഗത്തെത്തി. “വളച്ചൊടിച്ച് വാർത്ത ആക്കാൻ നോക്കിയ ആ ചേട്ടന് എന്റെ നന്ദി” എന്നാണ് താരം പരിഹാസരൂപേണ കമന്റ് ചെയ്തത്.
താരങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചവർക്കുള്ള കൃത്യമായ മറുപടിയാണ് ഉർവശിയുടെ വാക്കുകളെന്നാണ് സിനിമ ലോകത്തെ പൊതുവായ വിലയിരുത്തൽ.
Story Summary: Veteran actress Urvashi gave a mature reply to a YouTuber who questioned actress Gauri Nanda’s eligibility to present her with the Filmfare Award for Best Actress. Urvashi emphasized that all artists are equal before the camera and that the sincerity of the presenter is what matters. Gauri Nanda also reacted to the controversy on social media.

