അബുജ: വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സാംഫറ സ്റ്റേറ്റിലുണ്ടായ ഭീകരാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു (Nigeria Gunmen Attack Zamfara). വ്യാഴാഴ്ച രാത്രി ആരംഭിച്ച ആക്രമണം വെള്ളിയാഴ്ച പുലർച്ചെ വരെ നീണ്ടുനിന്നു. നൂറുകണക്കിന് ബൈക്കുകളിലായെത്തിയ സായുധ സംഘം ഗ്രാമത്തിന് തീയിടുകയും സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോവുകയും ചെയ്തതായി പ്രാദേശിക അധികൃതർ അറിയിച്ചു.
സാംഫറയിലെ ബുക്കുമ്യം പ്രദേശത്തുള്ള തുങ്കൻ ദത്‌സെ ഗ്രാമത്തിലാണ് ഈ കൃത്യം നടന്നത്. അക്രമികൾ ഗ്രാമത്തിൽ പ്രവേശിച്ചയുടൻ കെട്ടിടങ്ങൾക്ക് തീയിടുകയും കണ്ണിൽ കണ്ടവരെയെല്ലാം വെടിവെച്ചുവീഴ്ത്തുകയുമായിരുന്നു. 150-ലധികം ബൈക്കുകളിലായി എത്തിയ സായുധ സംഘത്തെക്കുറിച്ച് നേരത്തെ സൂചന ലഭിച്ചിട്ടും സുരക്ഷാ സേനയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു. കാണാതായവരുടെ പട്ടിക തയ്യാറാക്കി വരികയാണെന്നും എത്രപേരെ തട്ടിക്കൊണ്ടുപോയി എന്നതിൽ ഇപ്പോഴും വ്യക്തതയില്ലെന്നും പ്രാദേശിക ജനപ്രതിനിധിയായ ഹാമിസു എ. ഫാരു പറഞ്ഞു.
കഴിഞ്ഞ വാരത്തിലും സമാനമായ ആക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടിരുന്നു. നൈജീരിയയിലെ ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ അമേരിക്കൻ സൈന്യത്തിന്റെ സഹായം രാജ്യം തേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 100 അമേരിക്കൻ സൈനികർ പരിശീലനത്തിനും സാങ്കേതിക സഹായത്തിനുമായി ഈ ആഴ്ച നൈജീരിയയിൽ എത്തിയിട്ടുണ്ട്. സായുധ സംഘങ്ങളെയും തീവ്രവാദികളെയും അടിച്ചമർത്താൻ അമേരിക്കൻ വ്യോമസേനയും നൈജീരിയൻ സൈന്യവുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെങ്കിലും അക്രമങ്ങൾ തുടരുന്നത് വലിയ ആശങ്കയ്ക്കാണ് കാരണമാകുന്നത്.
Summary: At least 50 people were killed in a brutal overnight raid by gunmen on motorcycles in Nigeria’s Zamfara State.

