വാഷിംഗ്ടൺ: വ്യാപാര കമ്മി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വിദേശ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയ ഉയർന്ന ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീംകോടതി വിധിച്ചു. ഇതോടെ ഇതിനകം പിരിച്ചെടുത്ത 13,300 കോടി ഡോളർ കമ്പനികൾക്ക് തിരികെ നൽകേണ്ടി വരുമെന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.(The Supreme Court has dealt a major blow to Trump)
ഇറക്കുമതിക്ക് നികുതി ചുമത്താനുള്ള അധികാരം യുഎസ് കോൺഗ്രസിനാണ്. പ്രസിഡന്റിന് ഇതിനുള്ള നിയമപരമായ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. 1977-ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് ദുരുപയോഗം ചെയ്താണ് ട്രംപ് ലോകരാജ്യങ്ങൾക്ക് മേൽ ഇരട്ട അക്ക താരിഫ് ചുമത്തിയത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.
ഉയർന്ന തീരുവ നൽകിയ ഇറക്കുമതിക്കാരായ കമ്പനികൾക്ക് പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. പല കമ്പനികളും ഇതിനകം തന്നെ സർക്കാരിനെ സമീപിച്ചു കഴിഞ്ഞു. പണം തിരികെ നൽകുന്ന പ്രക്രിയ അത്യന്തം സങ്കീർണ്ണമായിരിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 12 മുതൽ 18 മാസം വരെ സമയമെടുത്തേക്കാമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

