തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിക്ക് പിന്നാലെ സർക്കാരിനും അന്വേഷണ സംഘത്തിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെളിവിന്റെ ഒരംശം പോലുമില്ലാതെയാണ് തന്ത്രിയെപ്പോലൊരാളെ 41 ദിവസം ജയിലിലടച്ചതെന്ന് അദ്ദേഹം ആരോപിച്ചു.(Why was the Thanthri put in jail, asks VD Satheesan on Sabarimala gold theft case)
സി.പി.എം നേതാക്കൾക്കെതിരായ ആരോപണങ്ങൾ ശക്തമായപ്പോൾ ജനശ്രദ്ധ തിരിച്ചുവിടാനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനം ഈ അറസ്റ്റിന് പിന്നിലുണ്ടെന്ന് ആരോപണമുണ്ട്. തന്ത്രിക്ക് കൊള്ളയിൽ പങ്കുണ്ടെന്ന് തെളിയിക്കാൻ എസ്.ഐ.ടിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അന്വേഷിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ തുടർച്ചയായ ചികിത്സാപ്പിഴവുകളെക്കുറിച്ചും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവിന് ഇരയായ ഹർഷീനയ്ക്ക് സർക്കാർ ഒരു സഹായവും നൽകിയില്ല. നിലവിൽ പ്രതിപക്ഷമാണ് അവർക്ക് ആവശ്യമായ പിന്തുണ നൽകുന്നത്. പാലക്കാട് കുട്ടിയുടെ കൈ നഷ്ടപ്പെട്ട സംഭവത്തിലും വണ്ടാനം മെഡിക്കൽ കോളേജിലെ പുതിയ വെളിപ്പെടുത്തലിലും സർക്കാരിന് കുലുക്കമില്ല. ക്രൂരമായ സർക്കാരാണിതെന്ന് അദ്ദേഹം വിമർശിച്ചു. മെഡിക്കൽ കോളേജുകളിൽ ചെന്നാൽ രോഗികളെ താഴേത്തട്ടിലുള്ള ആശുപത്രികളിലേക്ക് തിരിച്ചയക്കുന്ന ‘റിവേഴ്സ് റഫറൻസ്’ രീതിയാണ് ഇപ്പോൾ നടക്കുന്നത്. എല്ലാം ‘ഒറ്റപ്പെട്ട സംഭവം’ എന്ന് പറഞ്ഞ് സർക്കാർ ഒഴിഞ്ഞുമാറുകയാണ്. ഈ ഒറ്റപ്പെട്ട സംഭവങ്ങൾ കൂട്ടിവെച്ചാൽ അനാസ്ഥയുടെ വലിയ വാല്യങ്ങൾ തന്നെ ഉണ്ടായേക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

