ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാറും സൂപ്രണ്ട് ഡോ. ഹരികുമാറും രംഗത്ത്. ആരോപണവിധേയയായ ഡോ. ലളിതാംബികയല്ല, മറിച്ച് ഡോ. ഷാഹിദയാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയതെന്ന് അധികൃതർ വെളിപ്പെടുത്തി. ഡോ. ഷാഹിദ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ജോലി ചെയ്യുന്നത്.(Youth Congress protests during doctors’ press conference over medical malpractice in Vandanam)
2021 മെയ് 12-നായിരുന്നു ശസ്ത്രക്രിയ. കോവിഡ് സമയത്തായതിനാൽ നിയന്ത്രിതമായ സൗകര്യങ്ങളിലായിരുന്നു പ്രവർത്തനം. ശസ്ത്രക്രിയയ്ക്ക് മുൻപും പിൻപും ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയതായാണ് കേസ് ഷീറ്റിലുള്ളത്. ഉപകരണം വയറ്റിലുണ്ടായിരുന്നെങ്കിൽ പിന്നീട് നടത്തിയ പരിശോധനകളിൽ കാണേണ്ടതായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നാലംഗ സംഘത്തെ നിയോഗിച്ചു. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഡോ. ലളിതാംബികയുടെ യൂണിറ്റിലാണ് ശസ്ത്രക്രിയ നടന്നതെങ്കിലും അവർ നേരിട്ടല്ല ഓപ്പറേഷൻ ചെയ്തത്. അന്ന് ടീമിലുണ്ടായിരുന്ന ചിലർ ഇപ്പോൾ സർവീസിലില്ല. മെഡിക്കൽ കോളേജ് അധികൃതർ വിശദീകരണം നൽകുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി വേദിയിലേക്ക് ഇരച്ചുകയറി.
സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകർ വാർത്താസമ്മേളനം തടസ്സപ്പെടുത്തുകയും പ്രിൻസിപ്പലിന്റെയും സൂപ്രണ്ടിന്റെയും മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരിക്കുകയും ചെയ്തു. തുടർന്ന് പോലീസ് എത്തി പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി. മെഡിക്കൽ കോളേജിന് പുറത്തും ശക്തമായ പ്രതിഷേധം തുടരുകയാണ്.
വളരെ വലിയ മുഴയായതിനാലാണ് ഉഷയ്ക്ക് അന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം അവർ പിന്നീട് ആശുപത്രിയിൽ എത്തിയിരുന്നില്ലെന്നും അധികൃതർ അവകാശപ്പെട്ടു. എന്നാൽ അഞ്ച് വർഷമായി താൻ വേദന തിന്ന് കഴിയുകയായിരുന്നുവെന്നാണ് പുന്നപ്ര സ്വദേശിനി ഉഷാ ജോസഫ് പറയുന്നത്.
അതേസമയം, സംഭവത്തിൽ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയുണ്ടാകും. നിലവിൽ സർവീസിലുള്ള, വീഴ്ച വരുത്തിയ എല്ലാ ജീവനക്കാരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യും. അന്വേഷണ റിപ്പോർട്ട് നിയമനടപടികൾക്കായി പോലീസിന് കൈമാറും. ഡി.എം.ഇയ്ക്ക് ലഭിച്ച പ്രാഥമിക റിപ്പോർട്ടിന് പുറമെ, ഒരു വിദഗ്ധ സമിതിയെ കൂടി നിയോഗിച്ചിട്ടുണ്ട്. ഈ സമിതി ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കും.
ഉഷയെ ഓർമ്മയില്ല, തന്റെ ഭാഗത്ത് പിഴവില്ല എന്ന ഡോ. ലളിതാംബികയുടെ വാദങ്ങൾ മന്ത്രി തള്ളി. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് ശസ്ത്രക്രിയ നടക്കേണ്ടത്. അതിൽ വീഴ്ച സംഭവിച്ചാൽ ഡോക്ടർക്കും സ്ക്രബ് നഴ്സിനും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നോൺ പ്രാക്ടീസിങ് അലവൻസ് വാങ്ങുന്ന ഡോക്ടർമാർ വീട്ടിൽ വെച്ച് രോഗികളെ കാണുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ശസ്ത്രക്രിയയ്ക്ക് മുൻപും ശേഷവും ഡോക്ടറെ വീട്ടിൽ പോയി കണ്ടിരുന്നുവെന്ന് ഉഷയുടെ മകൻ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇതിന്മേൽ പ്രത്യേക അന്വേഷണവും നടപടിയുമുണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ കൊച്ചിയിൽ ചികിത്സയിലുള്ള ഉഷയുമായി മന്ത്രി സംസാരിക്കുകയും എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി ഉറപ്പുനൽകി.

