ഭാരം കുറയ്ക്കാനുള്ള എളുപ്പ വഴികൾ തേടുന്ന ഈ തലമുറയുടെ മുന്നിലേക്ക് അവതരിക്കപ്പെട്ട ഒരു ഡിറ്റിങ് രീതിയാണ് ‘പ്ലാസ്റ്റിക് ഈറ്റിംഗ്’ അഥവാ ‘ക്ലിങ് റാപ്പ് ഡയറ്റ്. അങ്ങ് ചൈനയിൽ ഇന്ന് ട്രെന്‍റിംഗാണ് ഈ രീതിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. (Plastic Wrap Weight Loss Trend)
ചൈനയിലെ പ്രധാന സമൂഹ മാധ്യമങ്ങളായ ഡൂയിൻ, ടിക് ടോക്ക്, എക്സ് തുടങ്ങിയവയിലെല്ലാം ഈ വിചിത്രമായ ഭാരം കുറയ്ക്കൽ രീതി പരീക്ഷിക്കുന്ന യുവാക്കളുടെ വീഡിയോകൾ പങ്കുവയ്ക്കപ്പെടുന്നു. ഇത് ആരോഗ്യ വിദഗ്ദരുടെ ആശങ്ക കൂട്ടി. വായിൽ പ്ലാസ്റ്റിക് കവർ വച്ച് അതിനുള്ളിൽ ഭക്ഷണം നിറയ്ക്കുന്നു. പിന്നാലെ കവറോട് കൂട്ടി ഭക്ഷണം ചവയ്ക്കുകയും ശേഷം തുപ്പിക്കളയുകയും ചെയ്യുന്നതാണ് ‘പ്ലാസ്റ്റിക് ഈറ്റിംഗ്’ അഥവാ ‘ക്ലിങ് റാപ്പ് ഡയറ്റ്’. ഭക്ഷണം ചവയ്ക്കുന്നത് തലച്ചോറിനെ വയറു നിറയാൻ പ്രേരിപ്പിക്കുന്നു. അതേസമയം ശരീരത്തിലേക്ക് അധിക കലോറി കയറുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. ഇത് ആസക്തികളെ നിയന്ത്രിക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് പുതിയ ഭക്ഷണ രീതിയുടെ വക്താക്കൾ അവകാശപ്പെടുന്നത്. എന്നാൽ. ഈ രീതി യഥാർത്ഥത്തിൽ പ്രവർത്തകമാണെന്നതിന് ഒരു തെളിവുമില്ലെന്നും ശാസ്ത്രീയമല്ലെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.
മൈക്രോപ്ലാസ്റ്റിക് ശരീരത്തിന് എങ്ങനെ ദോഷം ചെയ്യുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വിശദമായി പ്രതിപാദിക്കുന്നു. മൈക്രോപ്ലാസ്റ്റിക് മനുഷ്യ ശരീരത്തിൽ എത്തിയാൽ ആമാശയത്തെയും കുടലിനെയും പ്രശ്നത്തിലാക്കും ഇത് വയറ് വേദന, വയറ് വീർക്കൽ, ഓക്കാനം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് ദഹനപ്രവർത്തനങ്ങളെ തകിടം മറിക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ചെറിയ പ്ലാസ്റ്റിക് കണികകൾ ശ്വസിച്ചാൽ ചുമയും ശ്വസിക്കാൻ ബുദ്ധിമുട്ടും നേരിടും. പ്ലാസ്റ്റിക്കിലെ ബിപിഎ പോലുള്ള രാസവസ്തുക്കൾ ഹോർമോൺ സന്തുലിതാവസ്ഥയെയും മെറ്റബോളിസത്തെയും ബാധിക്കും. ദീർഘകാല എക്സ്പോഷർ കരൾ, ശ്വാസകോശം തുടങ്ങിയ അവയവങ്ങളിൽ വീക്കം വർദ്ധിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. തീർന്നില്ല, ചില മാനസീക പ്രശ്നങ്ങളും സൃഷ്ടിക്കപ്പെട്ടും. ഭക്ഷണവുമായുള്ള അനാരോഗ്യകരമായ ഒരു ബന്ധമായിരിക്കും ഇത് സൃഷ്ടിക്കുക. വൈറൽ ട്രെൻഡുകൾ കാണുന്നത് ഉത്കണ്ഠയും ആത്മാഭിമാനക്കുറവും വർദ്ധിപ്പിക്കാൻ കാരണമാകും. കലോറിയെക്കുറിച്ചുള്ള നിരന്തര ചിന്ത ദൈനംദിന ജീവിതത്തെ തന്നെ തടസ്സപ്പെടുത്താമെന്നും മുന്നറിയിപ്പിൽ പറയുന്നു.
‘പ്ലാസ്റ്റിക് ഈറ്റിംഗ്’ രീതിയ്ക്ക് രീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നതിന് ശാസ്ത്രീയ തെളിവൊന്നുമില്ല. ശരിയായ പോഷകാഹാരം അവഗണിക്കുന്നത് പിന്നീട് വിശപ്പ് വർദ്ധിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാവുകയും ചെയ്യും. ഇത് ഭാവിയിൽ അമിത വണ്ണത്തിലേക്കോ ചിലപ്പോൾ കടുത്ത മെലിച്ചിലിനോ കാരണമാകും. ഇത്തരെ പ്രരിഹാരങ്ങൾ ഒരിക്കലും ആരോഗ്യകരമല്ലെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. യഥാർത്ഥ പോഷകാഹാരത്തോടൊപ്പം സമീകൃതാഹാരം കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ശ്രദ്ധാപൂർവ്വമായ ഭക്ഷണശീലങ്ങൾ പരിശീലിക്കുകയുമാണ് യഥാർത്ഥ പരിഹാരമാർഗമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ചും ശരീര ഭാരം കുറയ്ക്കുന്നതിന് ഒരു ഡോക്ടറെയോ ഡയറ്റഷ്യനെയോ സമീപിക്കണമെന്നും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.
A trend among young people in China: For fear of obesity and in order to feel full, they place a plastic bag over their mouth while eating.pic.twitter.com/WZmOHS9LvO
— China pulse 🇨🇳 (@Eng_china5) February 17, 2026



