ന്യൂഡൽഹി: കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് എംപി എൻ.കെ. പ്രേമചന്ദ്രൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് പാർലമെന്റിൽ മറുപടി നൽകി കേന്ദ്ര സർക്കാർ. കെ-ഫോണിന് ആവശ്യമായ ലൈസൻസുകൾ നൽകിയിട്ടുണ്ടെന്നും കൃത്യമായ ഇടവേളകളിൽ സാങ്കേതിക പരിശോധനകൾ നടക്കാറുണ്ടെന്നും കേന്ദ്ര വാർത്താവിനിമയ സഹമന്ത്രി പൊമ്മസാനി ചന്ദ്രശേഖർ വ്യക്തമാക്കി.(KFON has license, Union Government responds to MP’s question in Parliament)
പദ്ധതിയുടെ ആകെ ചെലവ്, സമയക്രമം പാലിച്ചാണോ നിർമ്മാണം നടക്കുന്നത്, ജോലികളുടെ ഗുണനിലവാരം കേന്ദ്രം വിലയിരുത്തിയിട്ടുണ്ടോ, പദ്ധതി സാമ്പത്തികമായി ലാഭകരമാണോ തുടങ്ങിയ സാങ്കേതികവും സാമ്പത്തികവുമായ നിരവധി ചോദ്യങ്ങളാണ് എൻ.കെ. പ്രേമചന്ദ്രൻ ഉന്നയിച്ചത്. നാഷണൽ ലോംഗ് ഡിസ്റ്റൻസ്, ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ സേവനങ്ങൾക്കായി കെ-ഫോണിന് ഏകീകൃത ലൈസൻസ് അനുവദിച്ചിട്ടുണ്ട്. അപേക്ഷാ സമയത്ത് ആവശ്യമായ ഇക്വിറ്റിയും നെറ്റ് വർത്ത് യോഗ്യതകളും കെ-ഫോൺ പാലിച്ചിരുന്നു.
ഏകീകൃത ലൈസൻസ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം പദ്ധതിയുടെ ആകെ ചെലവോ, പൂർത്തിയാക്കേണ്ട സമയപരിധിയോ സംബന്ധിച്ച വിവരങ്ങൾ കേന്ദ്രത്തിന് നൽകാൻ ലൈസൻസി ബാധ്യസ്ഥനല്ല. അതിനാൽ അത്തരം സാമ്പത്തിക കാര്യങ്ങൾ കേന്ദ്രം പരിശോധിച്ചിട്ടില്ല. എല്ലാ ഇന്റർനെറ്റ് സേവന ദാതാക്കളെയും പോലെ കെ-ഫോണിന്റെയും സാങ്കേതിക പരിശോധനകൾ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് കൃത്യമായ ഇടവേളകളിൽ നടത്താറുണ്ട്. 2026 ജനുവരി 31 വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിലുടനീളം 99,970 ഇന്റർനെറ്റ് കണക്ഷനുകൾ കെ-ഫോൺ നൽകിയിട്ടുണ്ട്.



