കോഴിക്കോട്: പാളയം ജയലക്ഷ്മി സില്‍ക്സിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ജില്ലാ ഫയര്‍ ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നു. കെട്ടിടത്തിലെ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചിട്ടും തീ അണയ്ക്കാൻ ബുദ്ധിമുട്ടിയത് വസ്ത്രങ്ങളുടെ അമിത ശേഖരം കാരണമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.(Fire at Jayalakshmi Silks, Fire officer’s report says excessive stockpiling of clothes added to the impact)
കെട്ടിടത്തിന്റെ ഗോഡൗണില്‍ വസ്ത്രങ്ങള്‍ വലിയ തോതില്‍ കുത്തിനിറച്ച നിലയിലായിരുന്നു. ഇത് തീ അതിവേഗം പടരാനും നിയന്ത്രണവിധേയമാക്കുന്നത് ദുഷ്കരമാക്കാനും കാരണമായി. സ്ഥാപനത്തിലെ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ വിശദമായ പരിശോധനയിലും തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല.
സംഭവത്തില്‍ സമാന്തരമായ അന്വേഷണങ്ങളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. സ്ഥാപന മാനേജരുടെ പരാതിയില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെയും ഫോറന്‍സിക് വിഭാഗത്തിന്റെയും വിദഗ്ധ സംഘം ഇന്ന് കെട്ടിടത്തില്‍ പരിശോധന നടത്തും. ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് പുറമെ കോര്‍പ്പറേഷനും സംഭവത്തില്‍ പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. ഏകദേശം 50കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ.



