ന്യൂഡൽഹി: കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ. ഓസ്‌ട്രേലിയയുടെ മാതൃക പിന്തുടർന്ന് രാജ്യത്തും കർശനമായ നിയമങ്ങൾ കൊണ്ടുവരുന്നതിനായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ചർച്ചകൾ ആരംഭിച്ചതായി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്‌ട് ഉച്ചകോടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.(India to ban children’s social media use? New restrictions may come soon)
നിയമം നിലവിൽ വന്നാൽ മെറ്റ, എക്‌സ്, യൂട്യൂബ്, നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ള എല്ലാ പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്കും ഇത് ബാധകമായിരിക്കും. ഡീപ്‌ഫേക്കുകൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ കുട്ടികളുടെ സുരക്ഷയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നീക്കം.
വിഷയത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പാർലമെന്ററി കമ്മിറ്റി പഠനം നടത്തിവരികയാണെന്നും നിലവിലുള്ളതിനേക്കാൾ മികച്ച സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ലോകത്ത് ആദ്യമായി 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്തിയ ഓസ്‌ട്രേലിയയുടെ നടപടി ആഗോളതലത്തിൽ വലിയ ചർച്ചയായിരുന്നു.



