കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവർ 41 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങി (Sabarimala Gold Case). ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന പ്രോസിക്യൂഷൻ വാദങ്ങൾ തള്ളിയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ നേരത്തെ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു.
പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ പാടില്ല,കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിട്ടു പോകരുത്, പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണം,എല്ലാ ചൊവ്വ, ശനി ദിവസങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം തുടങ്ങി കർശനമായ നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
അതേസമയം , പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന് ഹൈക്കോടതി വിലയിരുത്തിയിട്ടുണ്ടെങ്കിലും, മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിയാത്തത് അന്വേഷണസംഘത്തിന് തിരിച്ചടിയായിട്ടുണ്ട്. കട്ടിള പാളി കേസിൽ എ. പത്മകുമാറും സ്വാഭാവിക ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജി നാളെ പരിഗണിക്കും. കൂടാതെ കെ.പി. ശങ്കരദാസും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ ആഴ്ച ജാമ്യ ഹർജി നൽകും.
ഇതിനിടെ, സ്വർണ്ണക്കൊള്ളയിലെ ഇടനിലക്കാരനെന്ന് സംശയിക്കുന്ന കൽപ്പേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്.



