മുംബൈ: മുസ്ലീം സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും അനുവദിച്ചിരുന്ന അഞ്ച് ശതമാനം സംവരണം റദ്ദാക്കി മഹാരാഷ്ട്ര സർക്കാർ ഉത്തരവിറക്കി. മഹാരാഷ്ട്ര സാമൂഹിക നീതി വകുപ്പാണ് മുൻപത്തെ ഉത്തരവ് അസാധുവാക്കിക്കൊണ്ട് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.(Maharashtra government scraps 5 percent reservation for Muslim community)
മുസ്ലീം സമുദായത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗം എന്ന നിലയിൽ നൽകിയിരുന്ന 5% സംവരണമാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. 2014-ൽ കോൺഗ്രസ്-എൻസിപി സഖ്യസർക്കാരാണ് ഓർഡിനൻസിലൂടെ മുസ്ലീം ന്യൂനപക്ഷത്തിന് സംവരണം പ്രഖ്യാപിച്ചത്.
എന്നാൽ ഈ ഓർഡിനൻസ് പിന്നീട് നിയമമായി മാറാത്തതിനാലും കാലാവധി കഴിഞ്ഞതിനാലും നിലനിൽപ്പില്ലെന്ന വാദമാണ് നിലവിലെ സർക്കാർ ഉയർത്തുന്നത്. നേരത്തെ ബോംബെ ഹൈക്കോടതി വിദ്യാഭ്യാസ മേഖലയിലെ മുസ്ലീം സംവരണം ശരിവെച്ചിരുന്നെങ്കിലും ജോലിയിലുള്ള സംവരണം സ്റ്റേ ചെയ്തിരുന്നു. എന്നാൽ 2015 മുതൽ വിവിധ ഘട്ടങ്ങളിൽ ഇതിന്മേലുള്ള നടപടികൾ മരവിപ്പിക്കപ്പെട്ടിരുന്നു.



