തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം രണ്ട് മണിക്കൂർ വർധിപ്പിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. മുന്നണിയിലോ മന്ത്രിസഭാ യോഗത്തിലോ ചർച്ച ചെയ്യാതെയാണ് ഈ നിർണ്ണായക നീക്കമെന്ന് സൂചനയുണ്ട്. ഇത് ഇടതുമുന്നണിക്കുള്ളിൽ തന്നെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്.(Operating hours of bars increased, the decision made without informing the front or the cabinet)
ടൂറിസം കേന്ദ്രങ്ങളിൽ മാത്രമുണ്ടായിരുന്ന രാവിലെ 10 മുതൽ രാത്രി 12 വരെ എന്ന സമയം ഇനി മുതൽ സംസ്ഥാനത്തെ എല്ലാ ബാറുകൾക്കും ബാധകമാകും. ഫൈവ് സ്റ്റാർ പദവിയുള്ള ബാറുകൾക്ക് അധിക ഫീസ് അടച്ചാൽ പുലർച്ചെ 3 മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകി. പിറ്റേദിവസം ‘ഡ്രൈ ഡേ’ ആണെങ്കിൽ തലേദിവസം രാത്രി 12-ന് തന്നെ ബാറുകൾ അടയ്ക്കണം.
ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ 2025 സെപ്റ്റംബറിൽ നൽകിയ അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ നികുതി വകുപ്പ് ഭേദഗതി വരുത്തിയത്. പുതിയ മദ്യനയം പ്രഖ്യാപിക്കേണ്ടത് അടുത്ത സർക്കാർ ആയിരിക്കെ, അതിനു മുൻപേ ബാറുടമകളുടെ ദീർഘകാല ആവശ്യം നടപ്പിലാക്കിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്.

