തിരുവനന്തപുരം: പിഎസ്എൽവി-സി 62 ദൗത്യത്തിന്റെ പരാജയ കാരണങ്ങൾ കണ്ടെത്താൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം പുതിയ സമിതി രൂപീകരിച്ചു. ഐഎസ്ആർഒയുടെ ദൗത്യങ്ങൾ പരാജയപ്പെടുമ്പോൾ സാധാരണ നിലയിൽ ആഭ്യന്തര അന്വേഷണങ്ങളാണ് (Internal Review) നടക്കാറുള്ളത്. (PSLV-C 62 failure, Prime Minister’s Office intervenes, new committee formed)
എന്നാൽ ചരിത്രത്തിലാദ്യമായാണ് ഐഎസ്ആർഒയ്ക്ക് പുറത്തുനിന്നുള്ള ഒരാളുടെ നേതൃത്വത്തിൽ ഇത്തരമൊരു സമിതി പരാജയത്തെക്കുറിച്ച് പഠിക്കുന്നത്. പ്രൊഫസർ കെ. വിജയരാഘവൻ ആണ് സമിതിയുടെ അധ്യക്ഷൻ. ഉപാധ്യക്ഷൻ എസ്. സോമനാഥ് ആണ്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുമ്പയിലെ വിഎസ്എസ്‌സിയിൽ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു ഈ സന്ദർശനം. പരാജയങ്ങളിൽ അട്ടിമറി സാധ്യതകൾ ഇല്ലെന്നാണ് ഡോവലിന്റെ പ്രാഥമിക റിപ്പോർട്ടെങ്കിലും, സാങ്കേതികമായ വീഴ്ചകളെക്കുറിച്ച് ഗൗരവകരമായ നിരീക്ഷണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്.



