ന്യൂഡൽഹി: ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പാക് സർക്കാരിന് മേൽ രാജ്യാന്തര സമ്മർദ്ദം ശക്തമാകുന്നു. ഇമ്രാന് അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ കപിൽ ദേവ്, സുനിൽ ഗവാസ്കർ എന്നിവരടക്കം ലോക ക്രിക്കറ്റിലെ 14 മുൻ ക്യാപ്റ്റന്മാർ ഒപ്പിട്ട നിവേദനം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കൈമാറി.(Imran Khan should be given expert treatment, 14 former captains write to Pakistan Prime Minister)
മാസങ്ങളായി കാഴ്ച മങ്ങുന്നതിനെക്കുറിച്ച് ഇമ്രാൻ പരാതിപ്പെട്ടിട്ടും ജയിൽ അധികൃതർ അവഗണിച്ചതായാണ് അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചത്. നിലവിൽ വെറും 15 ശതമാനം കാഴ്ച മാത്രമാണ് വലതുകണ്ണിനുള്ളത്. ഓസ്ട്രേലിയൻ മുൻ നായകൻ ഗ്രെഗ് ചാപ്പലിന്റെ നേതൃത്വത്തിലാണ് ലോകോത്തര താരങ്ങൾ ഒപ്പിട്ട നിവേദനം തയ്യാറാക്കിയത്.
കപിൽ ദേവ്, സുനിൽ ഗവാസ്കർ (ഇന്ത്യ), ക്ലൈവ് ലോയ്ഡ് (വിൻഡീസ്), അലൻ ബോർഡർ, സ്റ്റീവ് വോ, ഇയാൻ ചാപ്പൽ (ഓസ്ട്രേലിയ), ഡേവിഡ് ഗവർ, നാസർ ഹുസൈൻ (ഇംഗ്ലണ്ട്), ജോൺ റൈറ്റ് (ന്യൂസിലൻഡ്) തുടങ്ങിയവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. ഭരണകൂടത്തോടുള്ള ഭയം മൂലം പാകിസ്ഥാൻ മുൻ ക്യാപ്റ്റന്മാർ ആരും തന്നെ ഈ ഔദ്യോഗിക നിവേദനത്തിൽ ഒപ്പിട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.



