ചണ്ഡീഗഢ്: കോൺഗ്രസ് നേതൃത്വവുമായുള്ള തർക്കത്തിനൊടുവിൽ പാർട്ടി വിട്ട നവ്ജ്യോത് കൗർ സിദ്ദു, രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത്. രാഹുൽ ഗാന്ധി യാഥാർത്ഥ്യബോധമില്ലാതെ സ്വപ്നലോകത്താണ് ജീവിക്കുന്നതെന്നും താഴെത്തട്ടിൽ പാർട്ടി നേരിടുന്ന തകർച്ച അദ്ദേഹം അറിയുന്നില്ലെന്നും അവർ ആരോപിച്ചു.(Rahul Gandhi is living in a dream world, Navjot Kaur Sidhu criticizes)
പഞ്ചാബ് കോൺഗ്രസിൽ വ്യാപകമായ അഴിമതിയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ സീറ്റുകൾ ഇതിനോടകം വിറ്റു കഴിഞ്ഞുവെന്നും നവ്ജ്യോത് കൗർ ആരോപിച്ചു. അഴിമതിക്കാർക്ക് ചുറ്റുമാണ് രാഹുൽ ഗാന്ധി നിൽക്കുന്നത്.
സംസ്ഥാനത്തെ പാർട്ടിയുടെ തകർച്ചയെക്കുറിച്ച് സംസാരിക്കാൻ എട്ടുമാസത്തോളം രാഹുൽ ഗാന്ധിയുടെ സമയം ചോദിച്ചെങ്കിലും അദ്ദേഹം അനുവദിച്ചില്ല. സ്വന്തം പാർട്ടിയിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്തയാൾ ആ പദവിക്ക് അർഹനല്ലെന്നും അവർ തുറന്നടിച്ചു.
ഉപമുഖ്യമന്ത്രി സ്ഥാനവും വകുപ്പുകളും എം.പി സ്ഥാനവും വാഗ്ദാനം ചെയ്ത് പാർട്ടി തങ്ങളെ വഞ്ചിച്ചുവെന്നും പഞ്ചാബിന് വേണ്ടി എല്ലാം ഉപേക്ഷിച്ച തങ്ങളോട് അനീതിയാണ് കാട്ടിയതെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒരു പൈസയുടെ അഴിമതി ആരോപണം പോലും ഉന്നയിക്കാൻ ഫയലുകളില്ലെന്ന് പറഞ്ഞ അവർ, രാഹുൽ ഗാന്ധിയുടെ വാക്കുകളും പ്രവർത്തിയും തമ്മിൽ വലിയ അന്തരമുണ്ടെന്നും കുറ്റപ്പെടുത്തി.



