തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് സംസ്ഥാന സർക്കാർ ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് എം.എ. ബേബി. വിഷയത്തിൽ പാർട്ടിയോട് കോടതി നിലപാട് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Let the state government handle it, MA Baby on Sabarimala women’s entry)
ഇറ്റ് ഇവിടുത്തെ വിഷയം ആണെന്നും, സംസ്ഥാന സർക്കാർ തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിൽ ഒഴിവാക്കാവുന്ന സംഘർഷങ്ങൾക്ക് വഴി വെക്കരുത് എന്നതാണ് പാർട്ടിയുടെ നിലപാട്. മാറ്റങ്ങൾ വരുമ്പോൾ അത് ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും ബോധ്യപ്പെടുത്തി വേണം നടപ്പിലാക്കാൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ആരോപണങ്ങളെ എം.എ. ബേബി തള്ളിപ്പറഞ്ഞു. സി.പി.എമ്മിൽ ഒരു അംഗത്തിനും ഫണ്ട് ദുരുപയോഗം ചെയ്യാൻ സാധിക്കില്ല. പാർട്ടിയുടെ വരവ്-ചെലവ് കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യുന്നതും ആദായനികുതി വകുപ്പിന് ഉൾപ്പെടെ സമർപ്പിക്കുന്നതുമാണ്. കള്ളക്കണക്കാണെന്ന് പറയുന്നത് ഇതൊന്നും അറിയാത്തവരാണെന്നും അദ്ദേഹം പരിഹസിച്ചു.
കണക്കുകളിൽ മനുഷ്യസഹജമായ തെറ്റുകൾ സംഭവിക്കാം. അങ്ങനെയുണ്ടായാൽ പാർട്ടി തന്നെ അത് കണ്ടെത്തി നടപടിയെടുക്കും. അതിന് ആരും വാർത്താസമ്മേളനം നടത്തേണ്ടതില്ല. ആരോപണം ഉന്നയിച്ച വ്യക്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ ഉടമസ്ഥതയിലുള്ള ചാനലിലൂടെയാണ് ഇത് പുറത്തുവിട്ടത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും പാർട്ടി ഇത് പരിശോധിച്ച് തള്ളിയതാണെന്നും ബേബി വ്യക്തമാക്കി.



