മുംബൈ: ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവസേന (ഷിൻഡെ വിഭാഗം) എംഎൽഎയും മുൻ മന്ത്രിയുമായ അബ്ദുൽ സത്താർ ക്ഷേത്ര ദർശനം നടത്തിയതിന് പിന്നാലെ ക്ഷേത്രം ഗോമൂത്രം തളിച്ച് ‘ശുദ്ധീകരിച്ച്’ ബിജെപി പ്രവർത്തകർ. ഛത്രപതി സംഭാജിനഗറിലെ സില്ലോഡിലുള്ള ക്ഷേത്രത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.(BJP workers ‘purify’ temple visited by Shiv Sena’s Muslim MLA with cow urine as part of Shivaratri celebrations)
സില്ലോഡിലെ ക്ഷേത്രത്തിൽ അബ്ദുൽ സത്താർ ദർശനം നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. എംഎൽഎയുടെ സന്ദർശനം ക്ഷേത്രത്തെ അശുദ്ധമാക്കിയെന്ന് ആരോപിച്ചായിരുന്നു പ്രവർത്തകരുടെ ‘ശുദ്ധികലശം’.
ബിജെപി സില്ലോഡ് യൂണിറ്റ് അധ്യക്ഷൻ മനോജ് മൊരേലുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഗോമാംസം കഴിക്കുന്ന വ്യക്തിയാണ് അബ്ദുൽ സത്താർ. അദ്ദേഹം ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ അവിടം അശുദ്ധമായി. അടുത്തിടെ ഹജ്ജ് തീർത്ഥാടനം നടത്തിയ അദ്ദേഹം ഇപ്പോൾ ക്ഷേത്ര ദർശനം നടത്തുന്നത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഒരുപോലെ വിഡ്ഢികളാക്കാനാണ് എന്നാണ് നേതാവ് പറഞ്ഞത്.



