തിരുവനന്തപുരം: അധികാര പങ്കാളിത്തം എന്നത് ആരുടെയും ഔദാര്യമല്ലെന്നും അത് ചോദിച്ചു വാങ്ങേണ്ടതാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലേഖനത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പാർട്ടികൾക്കും സമുദായങ്ങൾക്കും കർശന മുന്നറിയിപ്പ് നൽകിയത്. പിന്നോക്ക വിഭാഗങ്ങൾ കേവലം ‘അടികൊള്ളാൻ’ മാത്രമുള്ളവരായി മാറുന്ന അവസ്ഥ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(The Muslim League’s stance is that whatever it gets is not enough, Vellappally Natesan with article)
അടികൊള്ളാൻ പിന്നോക്കക്കാരും അധികാരത്തിലേറാൻ മറ്റുള്ളവരും എന്നതാണ് നിലവിലെ സ്ഥിതി. ഈ രീതിക്ക് മാറ്റം വരണം. സാമൂഹിക നീതി ഉറപ്പാക്കണമെങ്കിൽ അധികാരത്തിന്റെ പങ്കുപറ്റൽ അനിവാര്യമാണ്. ഈഴവർക്കുൾപ്പെടെ സാമുദായിക ചിന്ത ഇല്ലെന്നും, ഭൂരിപക്ഷ ജനങ്ങൾ തമ്മിൽ തല്ലുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അർഹമായ പ്രാധാന്യം നൽകാത്തവർക്ക് വോട്ടിലൂടെ മറുപടി നൽകണം. ആവശ്യങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയ പാർട്ടികളോട് വിലപേശേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ഇടപെടലുകളെയും കടന്നുകയറ്റത്തെയും വെള്ളാപ്പള്ളി ലേഖനത്തിൽ രൂക്ഷമായി വിമർശിച്ചു. മുസ്ലിം ലീഗ് കടന്നുകയറാവുന്നിടത്തെല്ലാം കയറി. കിട്ടിയതൊന്നും പോരെന്നാണ് അവരുടെ നിലപാട്.
ഭൂരിപക്ഷ സമുദായം വൈകാതെ ന്യൂനപക്ഷമാകുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. മുസ്ലിം ലീഗ് നേതാക്കളുടെ പ്രസ്താവനകൾ ഇതിനുള്ള തെളിവാണ്. ഭൂരിപക്ഷ സമുദായങ്ങൾ ഇപ്പോഴെങ്കിലും ഉണർന്ന് പ്രതികരിച്ചില്ലെങ്കിൽ ചരിത്രത്തിൽ നിന്നും തുടച്ചുനീക്കപ്പെടുമെന്ന ആശങ്കയും വെള്ളാപ്പള്ളി പങ്കുവെച്ചു.



