മുംബൈ: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള ബൃഹദ് കരാറിൽ ഇന്ത്യയും ഫ്രാൻസും ഇന്ന് ഒപ്പുവയ്ക്കും. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് നിർണ്ണായക തീരുമാനമുണ്ടാകുക. ഏകദേശം 3.25 ലക്ഷം കോടി രൂപയുടേതാണ് ഈ കരാർ.(Rafale will now be manufactured in India, France seeks partners)
ആകെ വാങ്ങുന്ന 114 വിമാനങ്ങളിൽ 18 എണ്ണം ഫ്രാൻസിൽ നിന്ന് നേരിട്ട് എത്തിക്കും. ബാക്കിയുള്ള 96 വിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് ധാരണ. വിമാനങ്ങളുടെ എൻജിൻ നിർമ്മാണത്തിലും മറ്റ് അത്യാധുനിക സാങ്കേതികവിദ്യകളിലും ഇന്ത്യയ്ക്ക് പൂർണ്ണ പങ്കാളിത്തം ലഭിക്കും. ഇന്നലെ രാത്രി മുംബൈയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിപുലമായ ചർച്ചകൾ നടത്തും. പ്രതിരോധത്തിന് പുറമെ ബഹിരാകാശം, ഊർജ്ജം എന്നീ മേഖലകളിലും കരാറുകൾ ഒപ്പിടും. നാളെ രാവിലെ ഡൽഹിയിലെത്തുന്ന മക്രോൺ ഭാരത് മണ്ഡപത്തിൽ നടക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിൽ പങ്കെടുക്കും.



