ന്യൂഡൽഹി: ഇന്ത്യൻ സമുദ്രാതിർത്തിയിൽ വെച്ച് അധികൃതർ കസ്റ്റഡിയിലെടുത്ത മൂന്ന് കപ്പലുകൾക്ക് തങ്ങളുമായി ബന്ധമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഈ കപ്പലുകൾ ഇറാന്റെ ഉപരോധിക്കപ്പെട്ട എണ്ണക്കച്ചവട ശൃംഖലയുടെ ഭാഗമാണെന്ന വാദങ്ങൾ ടെഹ്‌റാൻ തള്ളി. യുഎസ് ഉപരോധം ഏർപ്പെടുത്തിയ ഈ കപ്പലുകൾ മുംബൈ തീരത്ത് വെച്ച് ആണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയത്.(Iran denies connection with 3 seized ships, India steps up surveillance at maritime border)
റഷ്യൻ എണ്ണ ഇറക്കുമതി നിർത്തണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം ഇന്ത്യ അംഗീകരിച്ചതിന് പിന്നാലെ സമുദ്രാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. റഷ്യൻ എണ്ണ ഉപേക്ഷിക്കാൻ ഇന്ത്യ തയ്യാറായതോടെ, ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നികുതി 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ വാഷിംഗ്ടൺ തീരുമാനിച്ചിരുന്നു.
‘സ്റ്റെല്ലാർ റൂബി’, ‘അസ്ഫാൽറ്റ് സ്റ്റാർ’, ‘അൽ ജാഫ്‌സിയ’ എന്നീ കപ്പലുകളെയാണ് മുംബൈയിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ വെച്ച് തടഞ്ഞത്. ഇവ ഇപ്പോൾ മുംബൈ തുറമുഖത്ത് കൂടുതൽ അന്വേഷണത്തിലാണ്. നിലവിൽ 55 കപ്പലുകളെയും 10-12 വിമാനങ്ങളെയും മുഴുവൻ സമയ നിരീക്ഷണത്തിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് സമുദ്രാതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. ഇറാൻ-അമേരിക്ക രണ്ടാം ഘട്ട ആണവ ചർച്ചകൾക്ക് തൊട്ടുമുമ്പ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി കൂടിക്കാഴ്ച നടത്തും.



