തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഭക്ഷണ വിതരണക്കാരായ സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.(Attukal Pongala 2026, Food Safety Department issues guidelines)
എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ലൈസൻസ്/രജിസ്‌ട്രേഷൻ പകർപ്പ് സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നെസ്സ് സർട്ടിഫിക്കറ്റും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റും പരിശോധനാ സമയത്ത് ഹാജരാക്കണം. ഭക്ഷ്യസംരംഭകർക്കും പാചകത്തൊഴിലാളികൾക്കുമായി ഫെബ്രുവരി 19-ന് ബോധവത്കരണ ക്ലാസ് നടത്തും. പങ്കെടുക്കുന്നവർ fsonemomcircle@gmail.com എന്ന ഇ-മെയിലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
അന്നദാനം, ലഘുഭക്ഷണം, പാനീയ വിതരണം എന്നിവ നടത്തുന്ന സംഘടനകളും വ്യക്തികളും നിർബന്ധമായും ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ എടുക്കേണ്ടതാണ്. അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈനായി അപേക്ഷിക്കാം. ബിസിനസ് രീതിയായി ‘Food Vending Establishment’ എന്നത് തെരഞ്ഞെടുക്കണം. അപേക്ഷയിൽ ‘Attukal Pongala’ എന്ന് പ്രത്യേകം രേഖപ്പെടുത്തുകയും ഉത്തരവാദിത്തപ്പെട്ട വ്യക്തിയുടെ അഡ്രസ് പ്രൂഫ് നൽകുകയും വേണം.
നിശ്ചിത ഗുണനിലവാരമുള്ളതും ലേബൽ വിവരങ്ങളുള്ളതുമായ വസ്തുക്കൾ മാത്രം പൊങ്കാല നിവേദ്യത്തിന് ഉപയോഗിക്കുക. ലേബൽ ഇല്ലാത്ത മിഠായികൾ, ഐസ് കാൻഡി, തുറന്നുവെച്ച ശർക്കരയോ എണ്ണപ്പലഹാരങ്ങളോ വാങ്ങി ഉപയോഗിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക. ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിൽ നിർമ്മിച്ചതാണെന്ന് ഉറപ്പുവരുത്തുക. ഭക്ഷണത്തിലെ മായം പരിശോധിക്കാൻ സജ്ജീകരിച്ച സഞ്ചരിക്കുന്ന ലബോറട്ടറിയുടെ സേവനം ക്ഷേത്ര പരിസരത്ത് ലഭ്യമായിരിക്കും. ഭക്ഷണവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ 1800 425 1126 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.



