തിരുവനന്തപുരം: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളും ചർച്ചയായി.(Kanthapuram AP Aboobacker Musliyar meets PM Modi)
താൻ നടത്തിയ കേരള യാത്രയിലൂടെ ജനങ്ങളിൽ നിന്ന് ശേഖരിച്ച പരാതികളും വിവരങ്ങളുമാണ് കാന്തപുരം പ്രധാനമന്ത്രിക്ക് കൈമാറിയത്. വികസനവുമായി ബന്ധപ്പെട്ട ഈ നിർദ്ദേശങ്ങൾ നേരത്തെ കേരള മുഖ്യമന്ത്രിക്കും അദ്ദേഹം കൈമാറിയിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾ കാന്തപുരം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കേരളത്തിൽ പ്രവർത്തനം തുടങ്ങിയ അലിഗഡ് മുസ്ലിം സർവകലാശാലയുടെ മലപ്പുറം കേന്ദ്രത്തിന്റെ വികസനത്തിന് ആവശ്യമായ നടപടികൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ റോഡ് വികസനത്തെ അഭിനന്ദിച്ച അദ്ദേഹം, വിമാനത്താവളങ്ങളിലെ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയങ്ങളിൽ അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം കാന്തപുരം മാധ്യമങ്ങളോട് പറഞ്ഞു.



