തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018-ലെ സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കേസ് വീണ്ടും സജീവമാകുന്നത് സംസ്ഥാന സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും നിർണ്ണായകമാണ്.(Sabarimala women’s entry, Crucial petitions in Supreme Court today)
മുൻപ് രൂപീകരിച്ച ഒമ്പതംഗ ബെഞ്ചിലെ മിക്ക ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിൽ, പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലാകും ഇന്ന് തീരുമാനമുണ്ടാകുക. നിലവിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് പഴയ ബെഞ്ചിൽ നിന്ന് ഇപ്പോൾ സർവീസിലുള്ളത്.
ശബരിമല വിധിക്ക് പുറമെ, മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനം, പാഴ്‌സി സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങി മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 67 ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. മതാചാരങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നതടക്കമുള്ള ഏഴ് ഭരണഘടനാപരമായ ചോദ്യങ്ങളാകും ഒമ്പതംഗ ബെഞ്ച് പ്രധാനമായും പരിശോധിക്കുക.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല വിഷയം വീണ്ടും ഉയരുന്നത് സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. കോടതി പറയട്ടെ എന്ന മറുപടിയുമായി തൽക്കാലം പ്രതിരോധിക്കാനാണ് സി പി എം തീരുമാനം. ആദ്യം ബെഞ്ച് രൂപീകരിക്കട്ടെ, അതിനുശേഷം നിലപാട് വ്യക്തമാക്കാം എന്നാണ് മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ളവർ സൂചിപ്പിച്ചത്. മുൻപ് നൽകിയ സത്യവാങ്മൂലം പിൻവലിച്ച് വിശ്വാസികൾക്കൊപ്പം നിൽക്കണമെന്ന് എൻ.എസ്.എസും പ്രതിപക്ഷവും സർക്കാരിനോട് ആവശ്യപ്പെട്ടു.



