വാഷിംഗ്ടൺ/ജനീവ: ഇറാനുമായുള്ള രണ്ടാം വട്ട ആണവ ചർച്ചകൾ ചൊവ്വാഴ്ച ജനീവയിൽ ആരംഭിക്കാനിരിക്കെ, കടുത്ത സൈനിക നീക്കങ്ങളുമായി അമേരിക്ക (US Iran War Threat 2026). ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആഴ്ചകളോളം നീളുന്ന വ്യോമാക്രമണങ്ങൾക്കും സൈനിക നടപടികൾക്കും അമേരിക്കൻ സേന തയ്യാറെടുക്കുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യുഎസ്എസ് ജെറാൾഡ് ഫോർഡ് (USS Gerald Ford) ഉൾപ്പെടെയുള്ള യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യൻ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഏത് നിമിഷവും പ്രസിഡന്റിന്റെ ഉത്തരവ് നടപ്പാക്കാൻ സൈന്യം സജ്ജമാണെന്ന് ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഇറാനിൽ ഒരു ഭരണമാറ്റമാണ് അവിടുത്തെ ജനങ്ങൾക്ക് സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. ഇറാനുമായി ഒരു ആണവ കരാറിലെത്തുക എന്നത് അങ്ങേയറ്റം പ്രയാസകരമാണെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും വ്യക്തമാക്കി.
സംഘർഷം നിലനിൽക്കുമ്പോഴും സ്വിറ്റ്സർലൻഡിലെ ജനീവയിൽ ചൊവ്വാഴ്ച ഇറാൻ-അമേരിക്ക പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും. എന്നാൽ അമേരിക്കയുടെ സൈനിക ഭീഷണി ചർച്ചകളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
ഇറാന്റെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായാൽ അത് നേരിടാൻ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ പശ്ചിമേഷ്യയിലെ താവളങ്ങളിൽ അമേരിക്ക സജ്ജമാക്കിയിട്ടുണ്ട്. മുമ്പുണ്ടായ സംഘർഷങ്ങളേക്കാൾ രൂക്ഷമായേക്കാവുന്ന ഒരു യുദ്ധത്തിനാണ് മേഖല സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ.



