ലണ്ടൻ: റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിന്റെ കടുത്ത വിമർശകനായിരുന്ന അലക്സി നവാൽനിയുടെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിയിക്കുന്ന നിർണ്ണായക ലാബ് റിപ്പോർട്ടുകൾ പുറത്ത്. തെക്കേ അമേരിക്കൻ കാടുകളിൽ കാണപ്പെടുന്ന ‘പോയിസൺ ഡാർട്ട് ഫ്രോഗ്’ എന്ന ഇനം തവളകളിൽ നിന്നുള്ള എപ്പിബാറ്റിഡിൻ എന്ന മാരക വിഷം നൽകിയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് അഞ്ച് യൂറോപ്യൻ രാജ്യങ്ങളുടെ കണ്ടെത്തൽ.(Alexei Navalny was killed by dart frog toxin, crucial report)
സാധാരണ വേദനസംഹാരിയായ മോർഫിനേക്കാൾ 100 മടങ്ങ് പ്രഹരശേഷിയുള്ളതാണ് എപ്പിബാറ്റിഡിൻ. ഇത് നാഡീവ്യവസ്ഥയെ തളർത്തി ശ്വസനപേശികളെ നിശ്ചലമാക്കുന്നു. ഇതോടെ ശ്വാസം മുട്ടിയാണ് മരണം സംഭവിക്കുന്നത്.
ഈ തവളകൾ കഴിക്കുന്ന പ്രത്യേക പ്രാണികളിൽ നിന്നാണ് വിഷം ലഭിക്കുന്നത് എന്നതിനാൽ, ലാബുകളിൽ കൃത്രിമമായി നിർമ്മിച്ച വിഷമാണ് നവാൽനിക്ക് നൽകിയതെന്ന് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, സ്വീഡൻ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങൾ സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. മുൻപ് 2020-ൽ ‘നോവിചോക്ക്’ എന്ന നെർവ് ഏജന്റ് വഴി നവാൽനിയെ വധിക്കാൻ ശ്രമം നടന്നിരുന്നു. അന്ന് രക്ഷപ്പെട്ടെങ്കിലും അതീവ സുരക്ഷയുള്ള ആർട്ടിക് ജയിലിനുള്ളിൽ വെച്ച് ഭരണകൂടത്തിന്റെ ഒത്താശയോടെ രണ്ടാമത്തെ നീക്കം വിജയിച്ചുവെന്നാണ് ആരോപണം.
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഈ സംഭവത്തെ ‘കെമിക്കൽ വെപ്പൺസ് കൺവെൻഷന്റെ’ നഗ്നമായ ലംഘനമായാണ് വിശേഷിപ്പിച്ചത്. 2024 ഫെബ്രുവരിയിൽ ജയിലിൽ നടക്കാൻ പോയപ്പോൾ കുഴഞ്ഞുവീണതാണെന്ന റഷ്യയുടെ ഔദ്യോഗിക വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. നവാൽനിയുടെ ഭാര്യ യൂലിയ നവാൽനി ഉന്നയിച്ച കൊലപാതക ആരോപണങ്ങൾക്ക് പുതിയ ലാബ് റിപ്പോർട്ടുകൾ ശാസ്ത്രീയ അടിത്തറ നൽകുന്നു.



