കാസർഗോഡ്: മഞ്ചേശ്വരത്ത് കന്നുകാലികളുമായി എത്തിയ ഉത്തർപ്രദേശ് സ്വദേശികളെ ഇരുമ്പ് പൈപ്പും കല്ലും ഉപയോഗിച്ച് മർദിച്ച സംഭവത്തിൽ അഞ്ചുപേർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു (Manjeshwar Attack News). ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശികളായ ഫർഹാൻ, ദാാവൂദ് എന്നിവർക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച പുലർച്ചെ കന്നുകാലികളെ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ ഒരു സംഘം യുവാക്കൾ എത്തുകയും തടയുകയുമായിരുന്നു. ഇവിടെ കന്നുകാലികളെ ഇറക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് തർക്കമുണ്ടാകുകയും പിന്നാലെ ക്രൂരമായി മർദിക്കുകയുമായിരുന്നു.
അക്രമത്തിൽ പരിക്കേറ്റ ഫർഹാനും ദാവൂദും കുമ്പളയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുമ്പ് പൈപ്പും കല്ലും ഉപയോഗിച്ചാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവർ മൊഴി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ വധശ്രമത്തിന് (Attempt to Murder) പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
കന്നുകാലി കടത്തുമായി ബന്ധപ്പെട്ട തർക്കമാണോ അതോ മറ്റ് കാരണങ്ങളാണോ അക്രമത്തിന് പിന്നിലെന്ന് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.



