കൊച്ചി: എളമക്കരയിൽ പിതാവ് കൊലപ്പെടുത്തിയ ആറുവയസ്സുകാരി ഒരു വർഷത്തോളമായി നിരന്തര ലൈംഗികാതിക്രമത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് (Elamakkara Child Murder). മരണത്തിന് തൊട്ടുമുമ്പും കുട്ടി പീഡിപ്പിക്കപ്പെട്ടതായി കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ എളമക്കര പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു.
കുട്ടി കഴിഞ്ഞ ഒരു വർഷമായി ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പിതാവ് സംശയനിഴലിൽ: മകളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ച പിതാവ് തന്നെയാണ് പീഡനത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇയാൾ സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവക്കാരനായിരുന്നു. മകൾ പീഡനത്തിന് ഇരയായ വിവരം തനിക്ക് അറിയില്ലെന്നാണ് കുട്ടിയുടെ അമ്മ പോലീസിന് നൽകിയ മൊഴി.
കഴിഞ്ഞ ജനുവരി 16-നാണ് എളമക്കരയിലെ വാടകവീട്ടിൽ പിതാവിനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ പുറത്തുപോയി മടങ്ങിവന്നപ്പോഴാണ് മകളെ കിടക്കയിൽ മരിച്ച നിലയിലും ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടത്. കുട്ടിക്ക് വിഷം നൽകിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് അതിക്രൂരമായ പീഡനവിവരങ്ങൾ വെളിപ്പെട്ടത്.
ഈ ക്രൂരതയ്ക്ക് പിന്നിൽ പിതാവ് മാത്രമാണോ അതോ മറ്റാരെങ്കിലും ഉണ്ടോ എന്നറിയാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുകയാണ്.



