തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala) അവകാശ ലംഘന നോട്ടീസ് നൽകി. സഭയെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കാൻ മന്ത്രി ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല സ്പീക്കർക്ക് കത്ത് നൽകിയത്.
അയ്യപ്പസംഗമത്തിന് സർക്കാരോ ദേവസ്വം ബോർഡോ പണം അനുവദിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ ആദ്യ മറുപടി. എന്നാൽ, പിന്നീട് നൽകിയ മറ്റൊരു മറുപടിയിൽ സ്പോൺസർമാരെ ലഭിക്കാൻ വൈകിയതിനാൽ ബോർഡ് തുക അഡ്വാൻസ് നൽകിയെന്നും അത് പിന്നീട് തിരികെ നിക്ഷേപിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിന്നും അഞ്ച് കോടി രൂപ എടുത്തിരുന്നുവെന്നും അതിൽ മൂന്ന് കോടി രൂപ മാത്രമാണ് ഇതുവരെ തിരിച്ചടച്ചതെന്നുമാണ് ചെന്നിത്തലയുടെ ആരോപണം. ബാക്കി രണ്ട് കോടി രൂപ ഇനിയും ബോർഡിലേക്ക് എത്തിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ബോർഡിന്റെ ഫണ്ട് ഉപയോഗിച്ച കാര്യം മറച്ചുവെച്ച് മന്ത്രി നൽകിയ മറുപടികൾ ദുരുദ്ദേശപരമാണെന്നും അത് സഭയുടെ അവകാശ ലംഘനമാണെന്നും ചെന്നിത്തല കത്തിൽ വ്യക്തമാക്കുന്നു. മാധ്യമ റിപ്പോർട്ടുകളുടെയും ഓഡിറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തിൽ മന്ത്രിയുടെ മറുപടികൾ വസ്തുതാവിരുദ്ധമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ നടപടി വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.



