കൊച്ചി: നാളെ രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്ക് ദിവസത്തിലും കൊച്ചി മെട്രോ സാധാരണ നിലയിൽ സർവീസ് നടത്തും (Kochi Metro Strike Update). യാത്രക്കാർക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
ഗതാഗത സംവിധാനങ്ങളുടെ സമയക്രമം:
കൊച്ചി മെട്രോ: രാവിലെ 6.30 മുതൽ രാത്രി 10 മണി വരെ സർവീസ് ഉണ്ടായിരിക്കും.
ഫീഡർ ബസുകൾ: ആലുവയിൽ നിന്ന് എയർപോർട്ടിലേക്കും കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും മെട്രോ ഫീഡർ ബസുകൾ സർവീസ് നടത്തും. എന്നാൽ നഗരത്തിലെ മറ്റ് ഫീഡർ ബസ് സർവീസുകൾ നാളെ ഉണ്ടാകില്ല.
വാട്ടർ മെട്രോ: കൊച്ചി വാട്ടർ മെട്രോയും നാളെ തടസ്സമില്ലാതെ സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം , സംസ്ഥാനത്തുടനീളം രാവിലെ 6.30 മുതൽ രാത്രി 10 മണി വരെ കെഎസ്ആർടിസി ബസുകൾ നിരത്തിലിറങ്ങും. പണിമുടക്ക് അനുകൂലികൾ ബസുകൾ തടയാൻ ശ്രമിച്ചാൽ പോലീസ് സഹായം തേടുമെന്നും ബസുകൾക്ക് കേടുപാടുകൾ വരുത്തിയാൽ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും കെഎസ്ആർടിസി മാനേജ്‌മെന്റ് വ്യക്തമാക്കി.
പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കുമെന്ന് ഉറപ്പായതോടെ പണിമുടക്ക് ദിവസം അത്യാവശ്യ യാത്രകൾ വേണ്ടവർക്ക് ഇത് വലിയ ആശ്വാസമാകും. എന്നാൽ സ്വകാര്യ ബസുകൾ നാളെ നിരത്തിലിറങ്ങാൻ സാധ്യത കുറവാണ്.



