ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള ഐടി നിയമത്തിൽ കർശന ഭേദഗതികളുമായി കേന്ദ്ര സർക്കാർ (IT Rules 2021 Amendment). നിയമവിരുദ്ധമെന്ന് സർക്കാർ കണ്ടെത്തുന്ന പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള സമയം 36 മണിക്കൂറിൽ നിന്നും കേവലം 3 മണിക്കൂറായി വെട്ടിനൽകിക്കൊണ്ടാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
സർക്കാർ സംവിധാനങ്ങൾ ആവശ്യപ്പെട്ടാൽ 3 മണിക്കൂറിനകം വിവാദമായ ഉള്ളടക്കം നീക്കം ചെയ്യണം. മുമ്പ് ഇതിനായി 36 മണിക്കൂർ സാവകാശം നൽകിയിരുന്നു. പോസ്റ്റ് ചെയ്ത വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ മുൻപ് 24 മണിക്കൂർ ഉണ്ടായിരുന്നത് 2 മണിക്കൂറായി കുറച്ചു.
പോലീസ് ഡിഐജി (DIG) റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥർക്ക് ഉള്ളടക്കം നീക്കം ചെയ്യാൻ നേരിട്ട് ആവശ്യപ്പെടാം. ഉപയോക്താക്കളുടെ പരാതികൾ സ്വീകരിക്കാനുള്ള കാലാവധി 15 ദിവസത്തിൽ നിന്ന് 7 ദിവസമാക്കി. പരാതി ലഭിച്ചാൽ 36 മണിക്കൂറിനകം പരിഹാരമുണ്ടാക്കണം.
ഡീപ് ഫേക്ക് ഉൾപ്പെടെയുള്ള എഐ നിർമിത (AI Generated) തെറ്റായ ഉള്ളടക്കങ്ങൾക്കും ഈ കർശന നിയന്ത്രണം ബാധകമായിരിക്കും.
മെറ്റ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം), എക്സ് (ട്വിറ്റർ), ഗൂഗിൾ തുടങ്ങിയ ആഗോള കമ്പനികളെ ഈ ഭേദഗതി കാര്യമായി ബാധിക്കും. പുതിയ നിയമത്തോട് ഈ കമ്പനികൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ നിർദ്ദേശങ്ങൾ പാലിക്കുന്നത് വെല്ലുവിളിയാണെന്ന വിലയിരുത്തലുകൾ ഉയരുന്നുണ്ട്.



