കൊച്ചി: സൈഡസ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ മേഹാ പട്ടേലിന്‍റെ പിന്തുണയോടെ കൊച്ചി-മുസിരിസ് ബിനാലെയില്‍ ലോക പ്രശസ്തയായ മറീന അബ്രാമോവികിന്‍റെ ആവേശോജ്വല പ്രകടനം അരങ്ങേറി. പുതിയൊരു ശൈലിക്ക് തുടക്കമിട്ട സെര്‍ബിയന്‍ പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റാണ് മറീന അബ്രാമോവിക്. സമകാലിക കലയുടെ ചര്‍ച്ചകളില്‍ ശരീരം, സാന്നിധ്യം, കാണികളുടെ പങ്കാളിത്തം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന, കഠിനമായ ആത്മനിയന്ത്രണം ആവശ്യമുള്ള വിപ്ലവാത്മകമായ കലാരൂപങ്ങളിലൂടെ ആഗോളതലത്തില്‍ അവര്‍ അംഗീകാരം നേടിയിട്ടുണ്ട്.
കലയെ സമൂഹത്തിന്‍റെ വളരെ വിപുലമായ വിഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്നതും അതിനെ വളരെ ആഴത്തിലുള്ള അനുഭവമാക്കി മാറ്റുന്നതിനും ഏറെ പ്രാധാന്യമാണുള്ളതെന്ന് ഇതേക്കുറിച്ച് സംസാരിക്കവെ മേഹാ പട്ടേല്‍ ചൂണ്ടിക്കാട്ടി. അനുഭവം, പശ്ചാത്തലം, പങ്കാളിത്തം എന്നിവയിലൂടെ കല കൂടുതല്‍ പ്രാപ്യവും ആസ്വാദ്യകരവുമായി മാറും. കൊച്ചി മുസിരിസ് ബിനാലെ, നിഖില്‍ ചോപ്ര എന്നിവരുമായി ചേര്‍ന്ന് മറീന അബ്രാമോവിക്കിന്‍റെ ഈ മനോഹരമായ സൃഷ്ടി അവതരിപ്പിക്കാനായതില്‍ അതിതായ സന്തോഷമുണ്ട്. ഉയര്‍ന്ന ബോധത്തില്‍ നിന്നും വൈകാരികമായ തുറന്നു പറച്ചിലുകളില്‍ നിന്നുമാണ് പൂര്‍ണ്ണമായി ലയിച്ച അനുഭവം ഉണ്ടാകുന്നത.് ഈ അനുഭവങ്ങളെല്ലാം സൃഷ്ടിക്കുന്നതില്‍ കാഴ്ചക്കാരും ഒരേ പോലെ പങ്കാളികളാകുകയാണെന്നും അവര്‍ പറഞ്ഞു.
മറീനയെ പിന്തുണക്കുന്നതിലൂടെ പാശ്ചാത്യ ലോകത്തെ ഒരു ഇതിഹാസത്തെ ക്ഷണിക്കുന്നതിനപ്പുറം നമ്മുടെ സാംസ്കാരിക ചരിത്രവുമായി ആഴത്തില്‍ ചേര്‍ന്നുനില്‍ക്കുന്ന ഒരു ചിന്താഗതിയെ ഇന്ത്യയിലേക്ക് എത്തിക്കുക കൂടിയാണിത്. അനുഷ്ഠാനങ്ങളിലും സാന്നിധ്യത്തിലും ആത്മനിയന്ത്രണത്തിലും വേരൂന്നിയതാണ് മറീനയുടെ കലാരൂപങ്ങള്‍. ഇത് നമ്മുടെ ആത്മീയ പാരമ്പര്യങ്ങളോടും സാംസ്കാരിക രീതികളോടും ആഴത്തില്‍ ചേര്‍ന്നുനില്‍ക്കുന്നു. നാം സഹജമായി മനസ്സിലാക്കുന്ന ആശയങ്ങള്‍ക്ക് അവര്‍ സമകാലികമായ ഒരു ആവിഷ്കാരം നല്‍കുന്നു. ബിനാലെയിലൂടെ കലയെ എല്ലാവര്‍ക്കും പ്രാപ്യമായ ഒരു പൊതു അനുഭവമാക്കി മാറ്റുന്നതില്‍ കൊച്ചിക്ക് അതിന്‍റേതായ പ്രാധാന്യമുണ്ടെന്നും മേഹാ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
മേഹാ പട്ടേലിനെക്കുറിച്ച്
സൈഡസ് ഗ്രൂപ്പിന്‍റെ സി.എസ്.ആര്‍ വിഭാഗമായ സൈഡസ് ഫൗണ്ടേഷന്‍റെ വൈസ് ചെയര്‍പേഴ്സണാണ് മേഹാ പട്ടേല്‍. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഉപജീവന മാര്‍ഗങ്ങള്‍, സുസ്ഥിരത, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിലായി വലിയ തോതിലുള്ള പദ്ധതികള്‍ക്ക് അവര്‍ നേതൃത്വം നല്‍കുന്നു. ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ദ ആര്‍ട്സില്‍ നിന്ന് ടെക്സ്റ്റൈല്‍ ഡിസൈന്‍ ടെക്നോളജിയില്‍ ഔദ്യോഗിക പരിശീലനം നേടിയ അവര്‍, തന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഡിസൈന്‍ അധിഷ്ഠിതമായ ഒരു കാഴ്ചപ്പാട് കൊണ്ടുവരികയും ഇന്ത്യന്‍ കരകൗശല വിദഗ്ധരെയും സര്‍ഗ്ഗാത്മക സമൂഹങ്ങളെയും നിരന്തരം പിന്തുണയ്ക്കുകയും ചെയ്യുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സംരംഭകത്വ നേതൃത്വത്തിനുമൊപ്പം കലയുടെയും സംസ്കാരത്തിന്‍റെയും ചിന്താശീലയായ ഒരു രക്ഷാധികാരി കൂടിയായി മേഹാ പട്ടേല്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. പ്രമുഖരായ ഇന്ത്യന്‍, അന്തര്‍ദ്ദേശീയ കലാകാരന്മാരുടെ സൃഷ്ടികള്‍ക്കൊപ്പം വളര്‍ന്നുവരുന്ന പ്രാദേശിക പ്രതിഭകളുടെ കലാസൃഷ്ടികള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു വലിയ ശേഖരം തന്നെ അവര്‍ ഒരുക്കിയിട്ടുണ്ട്. കോര്‍പ്പറേറ്റ്, പൊതു ഇടങ്ങളില്‍ കലയെ സമന്വയിപ്പിച്ചും പ്രാദേശിക ശില്‍പികളെ പ്രോത്സാഹിപ്പിച്ചും അഹമ്മദാബാദിന്‍റെ സാംസ്കാരിക പൈതൃകത്തിന് പ്രാധാന്യം നല്‍കിയും സര്‍ഗ്ഗാത്മകമായ ഒരു ആവാസവ്യവസ്ഥയെ അവര്‍ സജീവമായി വളര്‍ത്തുന്നു.
സി.ഐ.ഐയുടെ കലയ്ക്കും സംസ്കാരത്തിനുമായുള്ള ദേശീയ സമിതിയിലേക്ക് (2025-26) അവര്‍ നിയമിതയായത്, ഈ മേഖലയിലുള്ള അവരുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെയും കലയും സംസ്കാരവും സാമൂഹിക വികസനത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന അവരുടെ വിശ്വാസത്തെയും അടിവരയിടുന്നു.
മറീന അബ്രാമോവികിനെക്കുറിച്ച്
ലോകപ്രശസ്തയായ സെര്‍ബിയന്‍ പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റാണ് മറീന അബ്രാമോവിക്. സമകാലിക പെര്‍ഫോമന്‍സ് കലയിലെ പുതിയൊരു ശൈലിക്ക് തുടക്കമിട്ടതോടെയാണ് അവര്‍ പരക്കെ അറിയപ്പെടുന്നത്. അഞ്ച് പതിറ്റാണ്ടിലേറെയായി നീണ്ടുനില്‍ക്കുന്ന അവരുടെ കലാപ്രവര്‍ത്തനം, ശരീരത്തിന്‍റെ പരിമിതികള്‍, സഹനശേഷി, നിസ്സഹായത, കലാകാരനും പ്രേക്ഷകനും തമ്മിലുള്ള ബന്ധം എന്നിവയെ ആഴത്തില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു.
പെര്‍ഫോമന്‍സിനെ ഒരു ദൃശ്യകലാരൂപമായി മാറ്റുന്നതില്‍ മറീന നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. തന്‍റെ ശാരീരികവും മാനസികവുമായ അതിര്‍വരമ്പുകള്‍ പരിശോധിക്കുന്നതിന്‍റെ ഭാഗമായി, വൈകാരികവും ആത്മീയവുമായ പരിവര്‍ത്തനത്തിന് വേണ്ടിയുള്ള അന്വേഷണത്തില്‍ അവര്‍ കഠിനമായ വേദനയും തളര്‍ച്ചയും അപകടസാധ്യതകളും പോലും അതിജീവിച്ചിട്ടുണ്ട്.
തന്‍റെ വിഖ്യാതവും പലപ്പോഴും ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്നതുമായ സൃഷ്ടികളിലൂടെ കലയില്‍ സാന്നിധ്യം, സമയം, മാനുഷിക ബന്ധങ്ങള്‍ എന്നിവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അവര്‍ പുനര്‍നിര്‍വ്വചിച്ചു. ഇഇതിലൂടെ തലമുറകളെ സ്വാധീനിക്കുകയും, കലയിലെ തന്മയീഭാവത്തെയും അനുഭവവേദ്യമായ രീതികളെയും കുറിച്ചുള്ള ആഗോള ചര്‍ച്ചകള്‍ക്ക് രൂപം നല്‍കുകയും ചെയ്തു.
മറീന അബ്രാമോവിക് യൂറോപ്പിലും അമേരിക്കയിലുമാകെ വ്യാപകമായി അധ്യാപനവും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. ഹാംബര്‍ഗിലെ ഹോഖ്ഷുലെ ഫ്യൂര്‍ ബില്‍ഡെന്‍ഡെ കുന്‍സ്റ്റ്, പാരീസിലെ എക്കോള്‍ ദെ ബോ ആര്‍ട്ട്സ് എന്നിവിടങ്ങള്‍ ഉള്‍പ്പടെ നിരവധി പ്രമുഖ സ്ഥാപനങ്ങളില്‍ അവര്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു. 1994-ല്‍ ബ്രൗണ്‍ഷ്വൈഗിലെ ഹോഖ്ഷുലെ ഫ്യൂര്‍ ബില്‍ഡെന്‍ഡെ കുന്‍സ്റ്റില്‍ പെര്‍ഫോമന്‍സ് ആര്‍ട്ട് പ്രൊഫസറായ അവര്‍ ഏഴ് വര്‍ഷത്തോളം അവിടെ പഠിപ്പിച്ചു. 2004-ല്‍ ചിക്കാഗോയിലെ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് അവര്‍ക്ക് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.
സ്വയവും പൊതുജനങ്ങളെയും മാധ്യമമാക്കി 2014-ല്‍ ലണ്ടനിലെ സര്‍പന്‍റൈന്‍ ഗാലറിയില്‍ മൂന്ന് മാസത്തോളം നീണ്ടുനിന്ന ഒരു പെര്‍ഫോമന്‍സും അബ്രാമോവിക് അവതരിപ്പിച്ചു. ആ പ്രകടനത്തിന്‍റെ ദൈര്‍ഘ്യത്തെ സൂചിപ്പിക്കുന്ന ‘512 ഹവേഴ്സ്’ എന്നായിരുന്നു ആ സൃഷ്ടിയുടെ പേര്.



