ബെംഗളൂരു: കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ഭിന്നത ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാകുന്നു. സംസ്ഥാന ബജറ്റ് അവതരണത്തിന് ശേഷം അധികാര കൈമാറ്റം വേണമെന്ന ആവശ്യവുമായി ഡി.കെ. ശിവകുമാർ പക്ഷം രംഗത്തെത്തി. (Fight over the CM post again in Karnataka, Demand for a change after the budget)
മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചുചേർത്ത സുപ്രധാനമായ ബജറ്റ് മുൻകൂർ യോഗം ഒഴിവാക്കി ഡി.കെ. ശിവകുമാർ ഡൽഹിയിലേക്ക് തിരിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ബജറ്റിന് മുന്നോടിയായി വകുപ്പുകളുടെ ഏകോപനത്തിനായി മുഖ്യമന്ത്രി വിളിച്ച യോഗമാണ് അദ്ദേഹം ബഹിഷ്‌ക്കരിച്ചത്.
വ്യക്തിപരമായ കാരണങ്ങളാൽ ഡൽഹിക്ക് പോകുന്നുവെന്നും ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വിശദീകരണം. നേരത്തെ കെ.സി. വേണുഗോപാലിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളെത്തുടർന്ന് താൽക്കാലികമായി അടങ്ങിയ തർക്കമാണ് ഇപ്പോൾ വീണ്ടും സജീവമാകുന്നത്.



