ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.(Sabarimala gold theft case, Govardhan faces setback in Supreme Court, Bail plea rejected)
ഗൗരവമേറിയ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് കോടതി ഇടപെടുന്നത് ഉചിതമല്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.
നേരത്തെ കേരള ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഗോവർധൻ സുപ്രീം കോടതിയെ സമീപിച്ചത്. താൻ അയ്യപ്പ ഭക്തനാണെന്നും സ്വർണ്ണക്കൊള്ളയിൽ നേരിട്ട് പങ്കില്ലെന്നുമാണ് ഗോവർധൻ കോടതിയിൽ ബോധിപ്പിച്ചത്. ഒന്നരക്കോടി രൂപ നൽകിയതിന് ശേഷമാണ് സുഹൃത്തായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് സ്വർണ്ണം വാങ്ങിയതെന്നും പണം നൽകിയതിന്റെ രേഖകൾ കൈവശമുണ്ടെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, ശബരിമലയിലെ സ്വർണ്ണമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഗോവർധൻ തട്ടിപ്പിന് കൂട്ടുനിന്നതെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി.



