വാഷിംഗ്ടൺ: അമേരിക്കയുടെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ താൻ അഭിമാനിക്കുന്നുവെന്നും ഈ പുരോഗതിയുടെ പൂർണ്ണ ഉത്തരവാദിത്തം തനിക്കാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അഭിമുഖത്തിലാണ് ട്രംപ് തന്റെ സാമ്പത്തിക നയങ്ങളെ ന്യായീകരിച്ച് രംഗത്തെത്തിയത്.(This economic progress is my achievement, Trump expresses confidence)
അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ ഭൂരിഭാഗം ജനങ്ങളും അതൃപ്തരാണെന്ന അഭിപ്രായ സർവേകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റിന്റെ ഈ പ്രതികരണം. നിലവിലെ സമ്പദ്‌വ്യവസ്ഥയുടെ ഉടമസ്ഥാവകാശം തനിക്കാണെന്നും രാജ്യം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണം ജോ ബൈഡൻ നടപ്പിലാക്കിയ തെറ്റായ നയങ്ങളാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 5.6 ശതമാനം വളർച്ച കൈവരിച്ചതായി ട്രംപ് അവകാശപ്പെട്ടു. എന്നാൽ, സർവേയിൽ 59 ശതമാനം പേരും ട്രംപിന്റെ സാമ്പത്തിക നയങ്ങളെ എതിർത്തു. 36 ശതമാനം പേർ മാത്രമാണ് അനുകൂലിച്ചത്. ട്രംപ് 5.6 ശതമാനം വളർച്ച അവകാശപ്പെട്ടപ്പോൾ, തൊഴിൽ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2025-ലെ മൂന്നാം പാദത്തിൽ വളർച്ച 4.4 ശതമാനം മാത്രമാണ്.



