ബെംഗളൂരു: ഭർതൃകുടുംബത്തിന്റെ നിരന്തരമായ ശാരീരിക-മാനസിക പീഡനങ്ങളെത്തുടർന്ന് ബംഗളുരുവിൽ യുവതി ആത്മഹത്യ ചെയ്തു. യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് വേശ്യാവൃത്തിക്ക് നിർബന്ധിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. കർണാടകയിലെ ബീദർ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്.(Bengaluru Woman Forced Into Prostitution By In-Laws, Died By Suicide)
ബീദർ ഭാൽക്കി സ്വദേശിനിയായ അഞ്ജനാബായി ശേഖർ പാട്ടീൽ ആണ് മരിച്ചത്. 2022-ലായിരുന്നു ബസവകല്യാൺ സ്വദേശിയായ ശേഖർ പാട്ടീലുമായുള്ള അഞ്ജനാബായിയുടെ വിവാഹം. ഇവർക്ക് 11 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.
ബസവകല്യാണിലെ ഓം കോളനിയിലുള്ള ഭർതൃവീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ പിതാവ് വിജയകുമാർ നൽകിയ പരാതിയിലാണ് നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വിവാഹം കഴിഞ്ഞ നാൾ മുതൽ യുവതി ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയായിരുന്നു.
ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് അഞ്ജനാബായിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഇത് യുവതിയെ കടുത്ത മാനസികാഘാതത്തിലേക്ക് തള്ളിവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തു. ശേഖർ പാട്ടീൽ (ഭർത്താവ്), ഇയാളുടെ രണ്ട് അടുത്ത ബന്ധുക്കൾ എന്നിവർക്കെതിരെയാണ് നടപടി. പ്രതികൾ മൂവരും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.



