Monday, February 9, 2026
HomeKerala'ജനാധിപത്യത്തിൽ മുന്നണികൾ മാറിമാറി വരണം, ജനഹിതം പ്രകടിപ്പിക്കുന്നത് പ്രതിപക്ഷം, ഗുരുവിൻ്റെ തത്വങ്ങൾക്ക്...

‘ജനാധിപത്യത്തിൽ മുന്നണികൾ മാറിമാറി വരണം, ജനഹിതം പ്രകടിപ്പിക്കുന്നത് പ്രതിപക്ഷം, ഗുരുവിൻ്റെ തത്വങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്ന ഒരാളെ ഗുരുവിനേക്കാൾ മഹാൻ എന്ന് പറയുന്നത് ഭൂഷണമല്ല’: K സച്ചിദാനന്ദൻ | Democracy

തൃശൂർ: കേരളത്തിൽ മുന്നണികൾ മാറിമാറി ഭരിക്കുന്നതാണ് ജനാധിപത്യത്തിന് നല്ലതെന്ന തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി കെ സച്ചിദാനന്ദൻ. ഭരണപക്ഷവും പ്രതിപക്ഷവും മാറിമാറി വരിക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണെന്നും ബംഗാളിലെ രാഷ്ട്രീയ അനുഭവം മുൻനിർത്തിയാണ് താൻ ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.(Fronts should alternate in democracy, says K Satchidanandan)

ദീർഘകാലം അധികാരത്തിൽ തുടരുമ്പോൾ അറിയാതെ തന്നെ സ്വാർത്ഥ ലക്ഷ്യങ്ങളുള്ളവർ പാർട്ടിക്കുള്ളിലേക്ക് കടന്നുവരാൻ ഇടയാക്കും. ഇത് അധികാര വികേന്ദ്രീകരണത്തിന് പകരം കേന്ദ്രീകരണത്തിന് വഴിമാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിലെ തിരിച്ചടിയിൽ നിന്ന് പാർട്ടിക്കാർക്ക് തന്നെ ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷത്തിരിക്കുന്നത് ഒരു പാർട്ടിക്ക് ജനങ്ങൾക്കിടയിൽ കൂടുതൽ വേരോട്ടം ലഭിക്കാനും സ്വയം ശക്തിപ്പെടാനും സഹായിക്കും.

ജനാധിപത്യത്തിൽ ശക്തമായ പ്രതിപക്ഷം അനിവാര്യമാണ്. ജനങ്ങളുടെ അസംതൃപ്തിയും എതിർപ്പുകളും പ്രതിഫലിപ്പിക്കുന്നത് പ്രതിപക്ഷമാണെന്നും ജയപരാജയങ്ങൾ മാത്രമാകരുത് പാർട്ടികളുടെ ലക്ഷ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ നിലപാട് ഏതെങ്കിലും ഒരു പാർട്ടിക്ക് എതിരല്ലെന്ന് വ്യക്തമാക്കിയ സച്ചിദാനന്ദൻ, സി.പി.ഐ.എം നേതൃത്വത്തിന്റെ ചില സമീപനങ്ങളെ രൂക്ഷമായി വിമർശിച്ചു.

ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ ഗുരുവിനേക്കാൾ മഹാൻ എന്ന് വിശേഷിപ്പിക്കുന്നത് ഒരു കേരളീയനും ഭൂഷണമല്ല. ഇത്തരം രാഷ്ട്രീയ സന്ധികൾ പാർട്ടികളുടെ ആദർശ വ്യതിയാനത്തിന് കാരണമാകുന്നു. ഒരു കമ്മ്യൂണിസ്റ്റ് നേതാവിൽ നിന്ന് പ്രതീക്ഷിക്കുന്നത് ആ ആശയങ്ങളുടെ പിന്തുടർച്ചയാണ്. ബി.ജെ.പി ഇതര പാർട്ടികൾ ഇത്തരം നിലപാടുകൾക്ക് അതീതമായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.