ടോക്കിയോ: ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനേ തകൈച്ചി പൊതുതിരഞ്ഞെടുപ്പിൽ ഐതിഹാസിക വിജയം കരസ്ഥമാക്കി (Japan election results). ഞായറാഴ്ച (2026 ഫെബ്രുവരി 8) നടന്ന അധോസഭാ തിരഞ്ഞെടുപ്പിൽ തകൈച്ചിയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും സഖ്യകക്ഷിയായ ജപ്പാൻ ഇന്നൊവേഷൻ പാർട്ടിയും ചേർന്ന് 465-ൽ 352 സീറ്റുകൾ നേടി മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ചു. എൽഡിപി മാത്രം 316 സീറ്റുകൾ നേടിയത് 1955-ന് ശേഷമുള്ള പാർട്ടിയുടെ ഏറ്റവും മികച്ച പ്രകടനമായി മാറി. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറെ മാതൃകയാക്കുന്നതിനാൽ ‘അയൺ ലേഡി’ എന്ന് വിളിക്കപ്പെടുന്ന തകൈച്ചിക്ക് യുവജനങ്ങൾക്കിടയിലുള്ള വൻ ജനപ്രീതിയാണ് ഈ വിജയത്തിന് വഴിയൊരുക്കിയത്.
കടുത്ത മഞ്ഞുവീഴ്ചയെ അവഗണിച്ചും ലക്ഷക്കണക്കിന് വോട്ടർമാരാണ് പോളിംഗ് സ്റ്റേഷനുകളിൽ എത്തിയത്. ചൈനയുടെ ഭീഷണികളെ നേരിടാൻ പ്രതിരോധ ബജറ്റ് വർദ്ധിപ്പിക്കുമെന്നും, ജനങ്ങൾക്ക് ആശ്വാസമായി ഭക്ഷണസാധനങ്ങളുടെ സെയിൽസ് ടാക്സ് (8%) താൽക്കാലികമായി നിർത്തലാക്കുമെന്നുമുള്ള തകൈച്ചിയുടെ വാഗ്ദാനങ്ങൾ വോട്ടർമാർ ഏറ്റെടുത്തു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തകൈച്ചിയെ അഭിനന്ദിച്ചു. അടുത്ത മാസം വാഷിംഗ്ടണിൽ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തും. അതേസമയം, തകൈച്ചിയുടെ തീവ്ര നിലപാടുകളെ ചൈന ആശങ്കയോടെയാണ് കാണുന്നത്.
ഈ വിജയത്തോടെ ജപ്പാനിലെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് അറുതി വരുത്താൻ തകൈച്ചിക്ക് സാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ‘സനാകത്സു’ (Sanakatsu) എന്ന പേരിൽ തകൈച്ചിയോടുള്ള ആരാധന സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ അടുത്ത അനുയായിയായിരുന്ന തകൈച്ചി, അദ്ദേഹത്തിന്റെ പല സുരക്ഷാ നയങ്ങളും കൂടുതൽ ശക്തമായി നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തകൈച്ചിയെ അഭിനന്ദിക്കുകയും ഇന്ത്യ-ജപ്പാൻ ബന്ധം കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
Summary: Japanese Prime Minister Sanae Takaichi secured a historic landslide victory in the lower house elections, with her LDP-led coalition winning a two-thirds supermajority. Known as Japan’s “Iron Lady,” her victory paves the way for increased military spending and consumption tax cuts, solidifying her mandate amid regional tensions.



