ന്യൂഡൽഹി: ഇന്ത്യയും മലേഷ്യയും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിൻ്റെ ഭാഗമായി പത്ത് സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കരാറുകൾ പ്രഖ്യാപിച്ചത്. ആസിയാൻ കരാർ പുനഃപരിശോധന വേഗത്തിലാക്കണമെന്നും ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വേണമെന്നും പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.(India-Malaysia relations reach new heights, PM Modi signs 10 crucial agreements)
ആസിയാൻ കരാർ ഇന്ത്യയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ ഈ വർഷം തന്നെ പരിഷ്കരിക്കുമെന്ന് പ്രധാനമന്ത്രി സൂചന നൽകി. ഈ കരാർ ചൈനയുമായുള്ള ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ഇന്ത്യ പുനഃപരിശോധിക്കുന്നത്. ഭീകരവാദത്തിൻ്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് മോദി വ്യക്തമാക്കി. സാക്കിർ നായിക്കിനെ വിട്ടുനൽകുന്ന കാര്യത്തിൽ മലേഷ്യ മടിച്ചുനിൽക്കുന്ന സാഹചര്യത്തിൽ, ഭീകരവാദത്തെ സംയുക്തമായി നേരിടുമെന്ന് ഇരുരാജ്യങ്ങളുടെയും പ്രസ്താവനയിൽ ഉൾപ്പെടുത്തിയത് ഇന്ത്യയുടെ നയതന്ത്ര വിജയമായി കരുതപ്പെടുന്നു.
മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കാൻ തീരുമാനിച്ചു. മലേഷ്യയിലെ 30 ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തിന് ഇത് വലിയ ആശ്വാസമാകും. തമിഴ് സിനിമകളുടെ പ്രോത്സാഹനം ഉൾപ്പെടെയുള്ള സാംസ്കാരിക വിനിമയങ്ങൾക്കായി പ്രത്യേക കരാറുകളിൽ ഒപ്പിട്ടു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നേരിട്ടെത്തിയാണ് നരേന്ദ്ര മോദിയെ സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ആചാരപരമായ ചടങ്ങുകൾക്ക് പുറമെ, ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണത്തിലും മലേഷ്യൻ പ്രധാനമന്ത്രി പങ്കുചേർന്നു.



