വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് രാജ്യങ്ങൾക്ക് അനുമതി നൽകി അമേരിക്ക. 2022 ഓഗസ്റ്റിന് ശേഷം ആദ്യമായി ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതോടെയാണ് വിപണിയിലെ കടുത്ത പ്രതിസന്ധി പരിഹരിക്കാൻ ട്രംപ് ഭരണകൂടം ഈ അപ്രതീക്ഷിത നീക്കം നടത്തിയത്.(US allows other nations to purchase Russian oil amid Iran war)
നിലവിൽ കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണക്കപ്പലുകളിലെ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി രാജ്യങ്ങൾക്ക് താൽക്കാലിക ലൈസൻസ് അനുവദിച്ചതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അറിയിച്ചു. ഏപ്രിൽ 11 വരെയാണ് ഈ പ്രത്യേക ലൈസൻസിന്റെ കാലാവധി. മാർച്ച് 12-നകം കപ്പലുകളിൽ കയറ്റിയ റഷ്യൻ അസംസ്‌കൃത എണ്ണയ്ക്കോ പെട്രോളിയം ഉൽപ്പന്നങ്ങൾക്കോ മാത്രമാണ് ഈ ഇളവ് ബാധകമാകുക.
ഊർജ്ജ ലഭ്യത ഉറപ്പാക്കാനായി സ്വീകരിച്ച ഹ്രസ്വകാല നടപടി മാത്രമാണിതെന്ന് ട്രഷറി വകുപ്പ് വ്യക്തമാക്കി. കടലിൽ എത്തിക്കഴിഞ്ഞ എണ്ണ വിറ്റഴിക്കുന്നത് റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കില്ലെന്നും അമേരിക്ക അവകാശപ്പെട്ടു. ഇറാൻ യുദ്ധം രണ്ടാം വാരത്തിലേക്ക് കടന്നതോടെ ലോകത്തെ അഞ്ചിലൊന്ന് എണ്ണ വിതരണം നടക്കുന്ന ഹോർമൂസ് കടലിടുക്ക് നിലവിൽ അടച്ചിട്ടിരിക്കുകയാണ്. ഇതാണ് അന്താരാഷ്ട്ര വിപണിയിൽ പെട്ടെന്ന് വില വർദ്ധിക്കാൻ കാരണമായത്.

