ദുബായ്: താമസിക്കാൻ ഏറ്റവും മികച്ച രാജ്യങ്ങളുടെ ആഗോള പട്ടികയിൽ മുൻനിരയിലെത്തി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE Global Residence Index 2026). ഹെൻലി ആൻഡ് പാർട്ണേഴ്സ് പുറത്തിറക്കിയ 2026-ലെ ‘ഗ്ലോബൽ റെസിഡൻസ് പ്രോഗ്രാം ഇൻഡക്സി’ൽ യു.എ.ഇ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്വിറ്റ്‌സർലൻഡ്, ഇറ്റലി എന്നീ രാജ്യങ്ങൾക്കൊപ്പമാണ് യു.എ.ഇ രണ്ടാം സ്ഥാനം പങ്കിടുന്നത്.
സൂചിക ആരംഭിച്ചതിന് ശേഷം ആദ്യമായാണ് യു.എ.ഇ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടംപിടിക്കുന്നത്. കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തായിരുന്നു രാജ്യം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബ്-ഗൾഫ് രാജ്യമായി യു.എ.ഇ മാറി. അയൽരാജ്യമായ സൗദി അറേബ്യ പട്ടികയിൽ ഒമ്പതാം സ്ഥാനത്തുണ്ട്. 73 പോയിന്റോടെ ഗ്രീസാണ് പട്ടികയിൽ ഒന്നാമത്.
നൂറിലധികം താമസ പദ്ധതികളിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച 40 എണ്ണത്തെ താരതമ്യം ചെയ്താണ് റാങ്കിങ് തയ്യാറാക്കിയത്. കുടിയേറ്റ വിദഗ്ധർ, സാമ്പത്തിക ശാസ്ത്രജ്ഞർ ജീവിതനിലവാരം, നികുതി കാര്യക്ഷമത (Tax Efficiency), സുരക്ഷ, നിക്ഷേപത്തിനുള്ള അവസരങ്ങൾ എന്നീ ഘടകങ്ങൾ മുൻനിർത്തിയാണ് മൂല്യനിർണ്ണയം നടത്തിയത്.
ഗവൺമെന്റിന്റെ ക്രിയാത്മകമായ നയങ്ങളും ഗോൾഡൻ വിസ ഉൾപ്പെടെയുള്ള പദ്ധതികളുമാണ് യു.എ.ഇയെ ഈ നേട്ടത്തിലേക്ക് നയിച്ചത്.
Story Summary: The UAE has secured the 2nd position globally in the 2026 Global Residence Program Index by Henley & Partners, sharing the rank with Switzerland and Italy. This is the first time an Arab or Gulf nation has entered the top three. Greece remains in the top spot, while Saudi Arabia ranked 9th. The ranking is based on quality of life, tax efficiency, and safety.

