വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നടത്തിയ 19 മിനിറ്റ് നീണ്ട പ്രസംഗം ലക്ഷ്യം കണ്ടില്ലെന്ന് വിലയിരുത്തൽ. ഇടക്കാല തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, യുദ്ധം സൃഷ്ടിച്ച സാമ്പത്തിക ആഘാതവും എണ്ണവില വർദ്ധനവും ട്രംപിന്റെ ജനപ്രീതിയെ കാര്യമായി ബാധിച്ചിരിക്കുകയാണ്.(Trump’s 19-minute speech fails, Popularity declines )
ലോകം കാതോർത്തിരുന്ന പ്രസംഗത്തിൽ ട്രംപ് കാതലായ വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധം എപ്പോൾ, എങ്ങനെ അവസാനിക്കും എന്ന ചോദ്യത്തിന് ട്രംപ് ഉത്തരം നൽകിയില്ല. പകരം ഇറാനെ ‘ശിലായുഗത്തിലേക്ക് തിരിച്ചയക്കും’ എന്നതടക്കമുള്ള ഭീഷണികൾ ആവർത്തിക്കുകയാണ് ചെയ്തത്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർത്തുവെന്ന് അവകാശപ്പെടുമ്പോഴും, സമ്പുഷ്ട യുറേനിയം പിടിച്ചെടുക്കില്ലെന്ന ട്രംപിന്റെ നിലപാട് വൈരുദ്ധ്യമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയുടെ ഉത്തരവാദിത്തം യൂറോപ്യൻ രാജ്യങ്ങളുടെ തലയിൽ കെട്ടിവെച്ച ട്രംപിന്റെ നീക്കം സഖ്യകക്ഷികൾക്കിടയിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. യുദ്ധം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തകർച്ചയിലേക്ക് നയിക്കുമോ എന്ന ഭയത്തിലാണ് ജനങ്ങൾ.

