വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിന്റെ ഭാവി കാര്യങ്ങളിൽ അമേരിക്കയും ഇസ്രായേലും തമ്മിൽ വിയോജിപ്പ് രൂക്ഷമാകുന്നു (Trump Iran Exit Plan). ഉടമ്പടികളൊന്നുമില്ലെങ്കിലും രണ്ട് മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഇറാനിലെ സൈനിക നടപടികൾ അവസാനിപ്പിക്കാൻ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ, ഇറാന്റെ “ഭീകര ഭരണകൂടത്തെ” തകർക്കുന്നത് വരെ സൈനിക നീക്കം തുടരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്.
യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സന്നദ്ധത പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. “ഞങ്ങൾ ഉടൻ മടങ്ങും, രണ്ടാഴ്ചയോ മൂന്നാഴ്ചയോ എടുത്തേക്കാം,” വൈറ്റ് ഹൗസിൽ ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറന്നു സൂക്ഷിക്കേണ്ട ഉത്തരവാദിത്തം അത് ഉപയോഗിക്കുന്ന രാജ്യങ്ങൾക്കാണെന്നും അമേരിക്കയ്ക്ക് അതിൽ പ്രത്യേക താൽപ്പര്യമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. നേരത്തെ സഹായത്തിന് വിസമ്മതിച്ച യൂറോപ്യൻ രാജ്യങ്ങളോട് “സ്വന്തം എണ്ണ സ്വന്തമായി കണ്ടെത്തൂ” എന്ന് ട്രംപ് ആഞ്ഞടിച്ചിരുന്നു.
അതേസമയം, ജൂത പെസഹാ ആഘോഷങ്ങളുടെ തലേന്ന് നടത്തിയ പ്രസംഗത്തിൽ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ ഭീഷണിയെ പൂർണ്ണമായും ഇല്ലാതാക്കുമെന്നും മിഡിൽ ഈസ്റ്റിന്റെ മുഖച്ഛായ തന്നെ മാറ്റിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഫെബ്രുവരി 28-ന് അയത്തുള്ള അലി ഖമേനിയെ വധിച്ചുകൊണ്ടാണ് ട്രംപും നെതന്യാഹുവും ഈ യുദ്ധത്തിന് തുടക്കമിട്ടത്. എന്നാൽ, ഇറാനിലെ ഭരണമാറ്റം എളുപ്പമാണെന്ന് നെതന്യാഹു ട്രംപിനെ തെറ്റിദ്ധരിപ്പിച്ചതാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്.
Summary: The US and Israel are showing clear disagreements over the future of the war in Iran. President Donald Trump announced that the US could end its military operations within 2-3 weeks, even without a deal, stating there is no reason for the US to protect the Strait of Hormuz for others. However, PM Benjamin Netanyahu vowed to continue crushing the “Iranian terror regime,” asserting that the campaign is far from over.

