

തായ്‌പേയ്: തായ്‌വാന്റെ വ്യോമാതിർത്തിക്ക് സമീപത്തായി ചൈനീസ് സൈനിക നീക്കം റിപ്പോർട്ട് ചെയ്ത് തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം. ശനിയാഴ്ച രാവിലെ ആറ് മണി വരെ അഞ്ച് വിമാനങ്ങളും, എട്ട് നേവി കപ്പലുകളും തായ്‌വാനെ ചുറ്റിപ്പറ്റി പ്രവർത്തിച്ചതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ അഞ്ച് വിമാനങ്ങളിൽ മൂന്നെണ്ണം മധ്യരേഖ മറികടന്ന് രാജ്യത്തിന്റെ കിഴക്കൻ, തെക്ക്-പടിഞ്ഞാറൻ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിൽ പ്രവേശിച്ചു. വെള്ളിയാഴ്ചയും തായ്‌വാനിൽ സമാനമായ സൈനിക സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അഞ്ച് വിമാനങ്ങളും ആറ് കപ്പലുകളുമാണ് തായ്‌വാനെ ചുറ്റിപ്പറ്റി പ്രവർത്തിച്ചിരുന്നത്. (Taiwan)
ചൈനയുടെ തുടർച്ചയായ നുഴഞ്ഞുകയറ്റ ശ്രമങ്ങളെ ചെറുക്കുന്നതിനായി തായ്‌വാൻ തങ്ങളുടെ സൈനിക, ദേശീയ സുരക്ഷാ ചട്ടക്കൂടുകൾ പരിഷ്കരിക്കുകയാണ്. ചൈനയിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികളോട് സർക്കാർ ശക്തമായി പ്രതികരിക്കുന്നുണ്ടെന്ന് എക്സിക്യൂട്ടീവ് യുവാൻ സെക്രട്ടറി ജനറൽ സേവ്യർ ചാങ് വ്യക്തമാക്കി. മാർച്ചിൽ പ്രസിഡന്റ് വില്യം ലായ് പുറത്തിറക്കിയ 17 പോയിന്റ് ദേശീയ സുരക്ഷാ തന്ത്രത്തിന് അനുസൃതമായാണ് പുതിയ സംരംഭം. തായ്‌വാന്റെ പരമാധികാരത്തെ ദുർബലപ്പെടുത്താനും, സൈന്യത്തിൽ നുഴഞ്ഞുകയറാനും, പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനും, യുവ തായ്‌വാനികളെയേയും ബിസിനസ്സുകാരെയും പുനരേകീകരണ വാദങ്ങളിലേക്ക് ആകർഷിക്കാനുമുള്ള ചൈനയുടെ ശ്രമങ്ങളെ ചെറുക്കുക എന്നതാണ് ഈ തന്ത്രത്തിന്റെ ലക്ഷ്യം.
Summary: Taiwan's Ministry of National Defence reported significant Chinese military activity near its territory, with five PLA aircraft and eight PLAN vessels detected on Saturday morning.