

തായ്‌പേയ്: കുറ്റകൃത്യങ്ങൾ വളരെ കുറവായ തായ്‌വാനെ നടുക്കി മെട്രോ സ്റ്റേഷനുകളിൽ പരമ്പര ആക്രമണം. 27 വയസ്സുകാരനായ തായ്‌വാൻ സ്വദേശിയാണ് യാത്രക്കാർക്ക് നേരെ അക്രമാസക്തനായത്. ആക്രമണത്തിന് ശേഷം ഇയാൾ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 5.30-ഓടെ തിരക്കേറിയ തായ്‌പേയ് മെയിൻ സ്റ്റേഷനിൽ അക്രമി പുക ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് ഭൂഗർഭ ഷോപ്പിംഗ് സെന്റർ വഴി 800 മീറ്റർ അകലെയുള്ള സോങ്ഷാൻ സ്റ്റേഷനിലേക്ക് നടന്നാണ് ഇയാൾ എത്തിയത്. അവിടെയും പുക ബോംബ് പൊട്ടിച്ച ശേഷം യാത്രക്കാരെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
അക്രമിയെ തടയാൻ ശ്രമിച്ച ഒരാൾ ഉൾപ്പെടെ മൂന്ന് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു.സ്റ്റേഷനിൽ നിന്ന് ജനങ്ങൾ ഭയന്നോടുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പോലീസ് അന്വേഷിച്ചുവരുന്ന വ്യക്തിയാണെന്നും റിപ്പോർട്ടുകളുണ്ട്. 2014-ൽ തായ്‌പേയിൽ നടന്ന സമാനമായ ആക്രമണത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം. അതീവ സുരക്ഷാ മേഖലയിലുണ്ടായ ഈ ആക്രമണം തായ്‌വാൻ ജനതയെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.