കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. ഡൽഹി-എൻസിആർ മേഖലയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖല കേന്ദ്രീകരിച്ചുണ്ടായ റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്നാണ് ഇന്ത്യയിലും പ്രകമ്പനമുണ്ടായത്. അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു.(Strong earthquake measuring 5.9 magnitude hits Afghanistan, 8 dead, tremors felt in Delhi as well)
രാത്രി 9.50-ഓടെയാണ് ഉത്തരേന്ത്യൻ നഗരങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടത്. ഡൽഹി, നോയിഡ, ചണ്ഡീഗഡ്, ലുധിയാന, ഡെറാഡൂൺ, ശ്രീനഗർ, പൂഞ്ച്, ഉധംപൂർ തുടങ്ങിയ നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഉയരം കൂടിയ കെട്ടിടങ്ങളിൽ താമസിക്കുന്നവർക്കാണ് വിറയൽ കൂടുതൽ അനുഭവപ്പെട്ടത്. ഇത് ജനങ്ങളിൽ ആശങ്ക ഇരട്ടിപ്പിച്ചു.
ഭൂചലനത്തെത്തുടർന്ന് കാബൂളിൽ വീട് തകർന്ന് വീണ് എട്ട് പേർ കൊല്ലപ്പെടുകയും ഒരു കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിൽ പാകിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തിക്കടുത്തുള്ള ഹിന്ദുക്കുഷ് മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയിൽ 150 കിലോമീറ്റർ ആഴത്തിലാണ് ചലനം രേഖപ്പെടുത്തിയത്.
ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാനിലെ ഇസ്ലാമാബാദ്, പഞ്ചാബ് പ്രവിശ്യ, പെഷവാർ തുടങ്ങിയ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയിൽ നിലവിൽ ജീവഹാനിയോ വലിയ തോതിലുള്ള വസ്തുവക നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി.

