ന്യൂയോർക്ക്: സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷമുള്ള 21-ാം നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിടുമ്പോൾ, ലോകമെമ്പാടും അമേരിക്ക നടത്തിയ സൈനിക ഇടപെടലുകളുടെ ഭീമമായ കണക്കുകൾ പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമം. 2001 മുതൽ 2026 വരെ നീളുന്ന കാലയളവിൽ 10 രാജ്യങ്ങളിലായി അമേരിക്ക നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. മാറിമാറി വന്ന നാല് അമേരിക്കൻ പ്രസിഡന്റുമാരുടെ കീഴിലാണ് ഈ സൈനിക നീക്കങ്ങൾ നടന്നത്.(Shocking figures on US military attacks revealed)
ഡ്രോൺ ആക്രമണങ്ങൾ മുതൽ പൂർണ്ണതോതിലുള്ള അധിനിവേശം വരെ നേരിട്ട രാജ്യങ്ങൾ ഉണ്ട്. അഫ്ഗാനിസ്ഥാൻ, ഇറാഖ്, യെമൻ, പാകിസ്ഥാൻ, സൊമാലിയ, ലിബിയ, സിറിയ, വെനിസ്വേല, നൈജീരിയ, ഇറാൻ എന്നിവയാണിവ.
സൈനികാക്രമണങ്ങളിലൂടെ മാത്രം 9,40,000 പേർ കൊല്ലപ്പെട്ടു. യുദ്ധത്തെത്തുടർന്നുണ്ടായ പട്ടിണി, ചികിത്സാ ലഭ്യതയില്ലായ്മ, പകർച്ചവ്യാധികൾ എന്നിവ വഴി മരിച്ചവർ കൂടി ചേരുമ്പോൾ ആകെ മരണസംഖ്യ 45 ലക്ഷത്തിനും 47 ലക്ഷത്തിനും ഇടയിലാണ്.
യുദ്ധച്ചെലവ് 5.8 ട്രില്യൺ ഡോളർ ആണ്. യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ചികിത്സയ്ക്കും മറ്റുമായി 2.2 ട്രില്യൺ ഡോളർ കൂടി ചെലവ് പ്രതീക്ഷിക്കുന്നു. ആകെ തുക ഏകദേശം 8 ലക്ഷം കോടി ഡോളർ. 2026-ന്റെ തുടക്കത്തിൽ ഇറാനുനേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങൾ പശ്ചിമേഷ്യയിൽ വീണ്ടും വലിയ യുദ്ധഭീതി ഉയർത്തിയിരിക്കുകയാണ്.

