ഇസ്താംബുൾ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലുമായി പുറപ്പെട്ട ‘അൽതുറ’ (Altura) എന്ന കപ്പലിന് നേരെ കരിങ്കടലിൽ ഡ്രോൺ ആക്രമണം (Russian Oil Tanker Attack). ഇസ്താംബുളിലെ ബോസ്ഫറസ് കടലിടുക്കിന് സമീപം വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. സ്ഫോടനത്തെത്തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ വെള്ളം കയറിയെങ്കിലും കപ്പലിലുണ്ടായിരുന്ന 27 ജീവനക്കാരും സുരക്ഷിതരാണെന്ന് തുർക്കി ഗതാഗത മന്ത്രി അബ്ദുൾകാദിർ ഉറലോഗ്ലു അറിയിച്ചു.
റഷ്യയിലെ നോവോറോസിസ്ക് തുറമുഖത്ത് നിന്ന് ഏകദേശം 10 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി പുറപ്പെട്ടതായിരുന്നു ഈ കപ്പൽ. തുർക്കി സമുദ്രാതിർത്തിക്ക് തൊട്ടുപുറത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. കപ്പലിന്റെ എൻജിൻ റൂമിനെ ലക്ഷ്യമിട്ടായിരുന്നു ഡ്രോൺ എത്തിയതെന്ന് സംശയിക്കുന്നു. സിയറ ലിയോൺ പതാക ഘടിപ്പിച്ച ഈ കപ്പലിന് യൂറോപ്യൻ യൂണിയനും ബ്രിട്ടനും ഉപരോധം ഏർപ്പെടുത്തിയിട്ടുള്ളതാണ്.
ആക്രമണത്തെത്തുടർന്ന് തുർക്കി കോസ്റ്റ് ഗാർഡ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കപ്പലിന്റെ നിയന്ത്രണ മുറിയിൽ സ്ഫോടനം ഉണ്ടായതായും എൻജിൻ റൂമിലേക്ക് വെള്ളം കയറിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈന ആസ്ഥാനമായുള്ള ‘സീ ഗ്രേസ് ഷിപ്പിംഗ്’ എന്ന കമ്പനിയുടേതാണ് കപ്പൽ.
റഷ്യ-ഉക്രൈൻ യുദ്ധം നാല് വർഷം പിന്നിടുമ്പോൾ കരിങ്കടലിൽ ഡ്രോൺ ആക്രമണങ്ങൾ വർദ്ധിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഡ്രോണുകളുടെ സാന്നിധ്യം തുർക്കി പ്രതിരോധ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കരിങ്കടലിലെ കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ റഷ്യയുമായും ഉക്രൈനുമായും ചർച്ചകൾ നടത്തുന്നുണ്ടെന്നും തുർക്കി വ്യക്തമാക്കി. സംഭവത്തിൽ റഷ്യയോ ഉക്രൈനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Summary: A marine drone struck the crude oil tanker Altura, which was carrying Russian oil, causing an explosion in the Black Sea near Turkey’s Bosphorus strait. All 27 crew members are reported safe, though the vessel’s engine room sustained damage.

