ലോസ് ഏഞ്ചൽസ്: പ്രശസ്ത അമേരിക്കൻ പോപ്പ് ഗായിക റിഹാനയുടെ വീടിന് നേരെ വെടിവെപ്പ്. ലോസ് ഏഞ്ചൽസിലെ ബെവർലി ഹിൽസിലുള്ള വസതിക്ക് നേരെയാണ് അജ്ഞാതർ വെടിയുതിർത്തത് (Rihanna House Shooting). വെടിവെപ്പ് നടക്കുമ്പോൾ റിഹാനയും പങ്കാളി എസാപ് റോക്കിയും (A$AP Rocky) മക്കളും വീടിനുള്ളിൽ ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഗായികയുടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
പത്തോളം തവണയാണ് വീടിന് നേരെ വെടിയൊച്ച കേട്ടതെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇവാന്ന ഒർട്ടീസ് എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തോക്കുമായി ടെസ്‌ല കാറിലെത്തിയ ഇവർ വീടിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്നെ ഇവർ സോഷ്യൽ മീഡിയയിലൂടെ റിഹാനയ്ക്ക് നേരെ ഭീഷണി മുഴക്കിയിരുന്നു. വെടിയൊച്ച കേട്ട് റിഹാന ഏറെ പരിഭ്രാന്തയായെന്നും തന്റെ കുടുംബം എന്തിനാണ് ലക്ഷ്യം വെക്കപ്പെട്ടതെന്ന് മനസ്സിലാകുന്നില്ലെന്നും ഗായികയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
സംഭവത്തിന് പിന്നാലെ തന്റെ മുൻ നിശ്ചയിച്ച പല പരിപാടികളും റിഹാന മാറ്റിവെച്ചു. നിലവിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വധശ്രമത്തിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. മുൻപും പല ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് അറസ്റ്റിലായ ഇവാന്ന ഒർട്ടീസ്. ലോസ് ഏഞ്ചൽസ് പോലീസിന്റെ കൊള്ള-കൊലപാതക വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്

