ഫ്ലോറിഡ: ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് നാസയുടെ ആർട്ടെമിസ്-2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി വിക്ഷേപണത്തറയിൽ നിന്ന് ഇന്ത്യൻ സമയം പുലർച്ചെ 4.05-നായിരുന്നു ചരിത്രപരമായ ഈ യാത്രയുടെ തുടക്കം. ചന്ദ്രനെ വലംവെച്ച് പത്ത് ദിവസത്തിന് ശേഷം ഈ സംഘം ഭൂമിയിൽ തിരിച്ചെത്തും.(Man to touch the moon again, Artemis-2 launch successful)
ഓറൈൺ പേടകത്തിൽ നാല് ബഹിരാകാശ സഞ്ചാരികളാണ് ഈ യാത്രയിലുള്ളത്. റീഡ് വൈസ്മാൻ: മിഷൻ കമാൻഡർ (നാസ), വിക്ടർ ഗ്ലോവർ: മിഷൻ പൈലറ്റ് (നാസ), ക്രിസ്റ്റീന കോച്ച്: മിഷൻ സ്പെഷ്യലിസ്റ്റ് (നാസ), ജെറമി ഹാൻസൻ: മിഷൻ സ്പെഷ്യലിസ്റ്റ് (കനേഡിയൻ ബഹിരാകാശ ഏജൻസി) എന്നിവരാണവർ. ഈ നാല് പേർക്കും പുറമെ ‘റൈസ്’ എന്ന് പേരിട്ടിരിക്കുന്ന ഒരു ചെറിയ പാവയും പേടകത്തിലുണ്ട്. നേരത്തെ രജിസ്റ്റർ ചെയ്ത ലോകമെമ്പാടുമുള്ള 56 ലക്ഷം മനുഷ്യരുടെ പേരുകൾ അടങ്ങിയ ഒരു മെമ്മറി കാർഡും ഈ പാവയ്ക്കുള്ളിൽ സൂക്ഷിച്ചിട്ടുണ്ട് എന്നത് ദൗത്യത്തിന് വൈകാരികമായൊരു തലം കൂടി നൽകുന്നു.
ഈ ദൗത്യത്തിലൂടെ ബഹിരാകാശ ചരിത്രത്തിൽ പുതിയ റെക്കോർഡുകൾ പിറക്കുകയാണ്. ചന്ദ്രനിലേക്ക് പോകുന്ന ആദ്യ വനിതയായി നാസയുടെ ക്രിസ്റ്റീന കോച്ച് മാറി. കൂടാതെ, മനുഷ്യരുമായി ഒരു ബഹിരാകാശ യാനം ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത അത്രയും ദൂരത്തേക്ക് ഒറയോൺ പേടകം ഈ യാത്രയിൽ കടന്നുചെല്ലും. വിക്ഷേപണത്തിന് ശേഷമുള്ള ആദ്യ രണ്ട് ദിവസങ്ങളിൽ പേടകം ഭൂമിയെ രണ്ട് തവണ വലംവെക്കും. തുടർന്ന് ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുന്ന പേടകം ഏപ്രിൽ 6-ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തും. ചന്ദ്രനെ ഒരു തവണ വലംവെച്ച ശേഷം സംഘം മടക്കയാത്ര ആരംഭിക്കും. ഏപ്രിൽ 10-ന് പസഫിക് സമുദ്രത്തിൽ പേടകം സുരക്ഷിതമായി ഇറങ്ങുന്നതോടെ ദൗത്യം പൂർത്തിയാകും.

